Tuesday, January 31, 2006

മഴ

ആദ്യമാദ്യം എനിക്ക്‌ മഴയെ പേടിയായിരുന്നു!
ഇരുളിന്റെ മറവില്‍
ആര്‍ത്തലച്ചലറി വിളിക്കുന്ന
കുരുത്തം കെട്ടവള്‍!

അന്നൊക്കെ രാത്രിമഴയുടെ വരവറിഞ്ഞാല്‍
ഞാന്‍ അമ്മൂമ്മയോടൊട്ടി കിടക്കും
ഇഷ്ടമില്ലെങ്കിലും മേലാകെ കുത്തിക്കൊള്ളുന്ന
കരിമ്പടത്തിന്റെ ചുളിവുകള്‍ക്കുള്ളില്‍
ഞാനെന്നെ ഒളിപ്പിക്കും!

പിന്നെയെപ്പോഴോ മഴ നനഞ്ഞയേതോ പകല്‍
എനിക്കവളെ പരിചയപ്പെടുത്തി...
ഓട്ടിടവഴികളിലൂടെ ഓടിയിറങ്ങി
എന്റെ കാല്‍ത്തളകളോടന്നവള്‍ കിന്നാരം ചൊല്ലി.
അങ്ങനെയങ്ങനെ അവളെനിക്ക്‌ കൂട്ടുകാരിയായി...

പിന്നീടുള്ള പല രാക്കളില്‍,
നിലാവിനോട്‌ പിണങ്ങിക്കരഞ്ഞോടിപ്പോകും വഴി
ജനല്‍പ്പഴുതിലൂടെ നനുത്ത നീര്‍വിരല്‍ നീട്ടി
അവളെന്നെ വിളിച്ചുണര്‍ത്തി ഒരുപാടെല്ലാം വിതുമ്പി.
അന്ന് ഞാനറിഞ്ഞു അവളൊരു പാവമാണെന്ന്!

ഇന്ന് പെയ്തൊഴിയാത്ത ദു:ഖങ്ങളെന്നെ വീര്‍പ്പുമുട്ടിക്കുമ്പോള്‍,
പകലിന്റെ തെളിമയിലിറങ്ങാന്‍ എന്റെ മനസ്സ്‌ മടിക്കുമ്പോള്‍,
എല്ലാം ഇരുട്ടില്‍ മൂടി മഴയെന്ന എന്റെ കൂട്ടുകാരി എന്നിലേയ്ക്കോടിയെത്തും.
അവളെന്റെ ആശ്വാസമാണ്‌!

ഞാനെന്റെ നനുത്ത കമ്പിളിപ്പുതപ്പില്‍ വീണ്ടും ചുരുണ്ടു കൂടും.
പുതപ്പിനിടയിലൂടെ അമ്മൂമ്മയുടെ
മെല്ലിച്ച കൈകള്‍ എന്നെ പുണരുന്ന പോലെ!

26 Comments:

Blogger ഇന്ദു | Indu said...

വീണ്ടും ചില മഴ വിചാരങ്ങള്‍...

February 01, 2006 9:07 PM  
Blogger ശ്രീജിത്ത്‌ കെ said...

മനോഹരം. ഒന്നു മഴ പെയ്‌തിരുന്നെങ്കില്‍ ... വേണ്ട വേണ്ട, ബൈക്ക് ഓടിക്കാന്‍ ബുദ്ധിമുട്ടാകും. എന്നാലും ആലോചിക്കാന്‍ നല്ല രസം.

February 01, 2006 9:23 PM  
Blogger Adithyan said...

ഇന്ദൂ, വളരെ നന്നായിരിക്കുന്നു... പുതുമണ്ണിൽ മഴത്തുള്ളികൾ വീഴുമ്പോളുള്ള ഗന്ധം എനിക്കീ കോൺക്രീറ്റ്‌ കെട്ടിടത്തിനകത്തും ശ്വസിക്കാൻ പറ്റുന്നുണ്ട്‌...

ശ്രീജിത്തേ, മഴയങ്ങട്‌ പെയ്യട്ടെന്നെ... അവളേം പുറകിൽ വെച്ചോണ്ട്‌ മഴയത്ത്‌ ബൈക്കിൽ പോകുന്ന ആ പോക്കൊന്നാലോചിച്ചു നോക്കിക്കെ...

February 01, 2006 10:55 PM  
Blogger സു | Su said...

:) മഴ പെയ്യാച്ചാല്‍ എന്നേം ഒന്ന് വിളിക്കണേ.

February 01, 2006 11:09 PM  
Blogger Thulasi said...

പെയ്‌തൊഴിയാത്ത ദുഃഖങ്ങളില്‍ ആശ്വാസമോതിയെത്തുന്ന സഖി. ഈ മഴയ്ക്ക്‌ എത്ര മുഖങ്ങള്‍ അല്ലേ?

February 01, 2006 11:48 PM  
Blogger മലയാളം ബ്ലോഗുകള്‍ said...

സ്വാഗതം ഇന്ദൂ.. ആദ്യ്‌ പോസ്‌റ്റ്‌ തന്നെ വളരെ നന്നായിരിക്കുന്നു.

February 02, 2006 12:20 AM  
Blogger സൂഫി said...

രാത്രിമഴയിന്നെന്റെ സൌഭാഗ്യ-
രാത്രികളിലെന്നെ ചിരിപ്പിച്ച
കുളിർകോരിയണിയിച്ച
വെൺനിലാവേക്കാൽ സുഖം തന്നുറക്കിയ……

സുഗതകുമാരി ടീച്ചറുടെ വരികൽമനസ്സിലോടിയെത്തുന്നു…

ഇന്ദു, സ്വാഗതം!

February 02, 2006 3:24 AM  
Blogger പെരിങ്ങോടന്‍ said...

സ്വാഗതം ഇന്ദു.

February 02, 2006 4:51 AM  
Blogger ശനിയന്‍ \OvO/ Shaniyan said...

സ്വാഗതം! മഴ എന്നും എല്ലാവരുടെയും പ്രിയപ്പെട്ട 'അവള്‍' ആണ്‌. മഴപെയ്യുന്നതും നോക്കി എത്ര നിന്നാലും മതിവരില്ല!.. ജീവന്റെ ഹൃദയത്തുടിപ്പായ, സൃഷ്ടി, സ്ഥിതി,സംഹാര മൂര്‍ത്തിയാവുന്ന മഴ.. ഇനിയും പോരട്ടെ!! പെരുമഴയായിത്തന്നെ പോരട്ടെ!!

February 02, 2006 5:12 AM  
Blogger ഇളംതെന്നല്‍.... said...

മഴ സുന്ദരമായ ഒരു അനുഭവം തന്നെ....കൂടെ ഒരു ഇളംകാറ്റും വീശിയാല്‍ അതിസുന്ദരം...
ഇന്ദു നന്നായിരിക്കുന്നു..

February 02, 2006 6:26 AM  
Blogger Reshma said...

മലയാളിയുടെ gene-ൽ എഴുതിവെച്ചതാണെന്ന് തോന്നുന്നു ഈ മഴപ്രേമം.
സ്വാഗതം ഇന്ദു:)

February 02, 2006 7:05 AM  
Blogger യാത്രാമൊഴി said...

മഴയിലേക്ക് തുറന്നിട്ട മൌനത്തിനു സ്വാഗതം!

ഒരു പക്ഷെ “പ്രണയം” കഴിഞ്ഞാല് ഏറ്റവും എഴുതപ്പെട്ട വിഷയം, എഴുതാനും, വായിക്കുവാനും സുഖമുള്ള വിഷയം, “മഴ” തന്നെയാകാം.

മഴയുണര്ത്തുന്ന ഓര്മ്മകള് പലതുണ്ട്.
എനിക്കിന്നും,
മഴ..
മനസ്സിന്റെയുള്ക്കാടിലൊരു വന്യഗീതകം..

ഓര്മ്മയില് നിന്നും ചില ചലച്ചിത്രമഴകള്‍..

പത്മരാജന്റെ തൂവാനത്തുമ്പികളിലെ മഴ...“മദര്‍ സുപ്പീരിയര്‍“ ക്ലാരയ്ക്ക് എഴുതുമ്പോള്‍, ജാലകത്തിലൂടെ വന്ന് വരികളെ നനയ്ക്കുന്ന മഴ...പിന്നെ മഴയിലൂടെ ക്ലാരയുടെ സന്ദേശവുമായി വരുന്ന തപാല്ക്കാരന്‍..

പിറവിയിലെ മഴ...ഒരച്ഛന്റെ കാത്തിരിപ്പിലേക്ക്, വേദനയിലേക്ക്, നിറഞ്ഞ് പെയ്യുന്ന മഴ..

ഋശ്യശൃംഗന്റെ പാദസ്പര്‍ശത്താല്‍,അംഗരാജ്യത്തിന്റെ വരണ്ട മണ്ണിലേക്ക് തിമിര്‍ത്ത് പെയ്ത “വൈശാലിയിലെ“ മഴ,

അത്തിപ്പട്ടി ഗ്രാമത്തിന്റെ വരള്‍ച്ചയ്ക്ക് മുകളില്‍ ഉരുണ്ടു കൂടിയ കാര്‍മേഘങ്ങള്‍ ഗ്രാമത്തിലെ വരണ്ട ജീവിതങ്ങളില്‍ നൈമിഷികമായ ആഹ്ലാദം പകര്‍ന്ന് ഒടുവില്‍ ഒരിക്കലും പെയ്യാതെ വേദനയായി മാറിയ മഴ..
(കെ.ബാലചന്ദറിന്റെ “തണ്ണീര്‍ തണ്ണീര്‍“ എന്ന ചിത്രത്തില്‍)

പുസ്തകമഴ..

മഴ പെയ്യുന്നു. മഴ മാത്രമേയുള്ളു. കാലവര്‍ഷത്തിന്റെ വെളുത്ത മഴ. മഴ ഉറങ്ങി. മഴ ചെറുതായി. രവി ചാഞ്ഞു കിടന്നു. അയാള്‍ ചിരിച്ചു. അനാദിയായ മഴവെള്ളത്തിന്റെ സ്പര്‍ശം. ചുറ്റും പുല്‍ക്കൊടികള്‍ മുളപൊട്ടി. രോമകൂപങ്ങളിലൂടെ പുല്‍ക്കൊടികള്‍ വളര്‍ന്നു. മുകളില്‍ വെളുത്ത കാല വര്‍ഷം പെരുവിരലോളം ചുരുങ്ങി..

മന്ദാരത്തിന്റെ ഇലകള്‍ ചേര്‍ത്ത് തുന്നിയ പുനര്‍ജ്ജനിയുടെ കൂട് വിട്ട് യാത്രയാകുന്ന രവിയ്ക്ക് കൂട്ടാകുന്ന ഖസാക്കിലെ മഴ!

അങ്ങനെ എത്രയെത്ര മുഖങ്ങള്‍ മഴയ്ക്ക്...
മഴവിചാരങ്ങള്‍ നീളുന്നുവോ..
തല്‍ക്കാലം വിരമിക്കാം.

February 02, 2006 3:41 PM  
Blogger ഇന്ദു | Indu said...

എഴുതാതെ എഴുതാതെ പേനയിലെ മഷി ഉണങ്ങിത്തുടങ്ങിയിരുന്നു. വീണ്ടും എഴുതാന്‍ പ്രേരിപ്പിച്ചതിന്‌ ബൂലോകത്തെ സാഹിത്യക്കൂട്ടായ്മയുടെ അരങ്ങിലും അണിയറയിലുമുള്ള എല്ലാവര്‍ക്കും എന്റെ നന്ദി!

ശ്രീജിത്‌, ആദിത്യാ, സൂ, തുളസീ, ഡ്രിസിലേ, സൂഫീ, പേരിങ്ങോടരേ, ആരിഫ്‌, രേഷ്മാ...

ഇവിടെ വന്ന് സ്വാഗതം അറിയിച്ചതിന്‌ എല്ലാവരോടും പ്രത്യേകം നന്ദിയുണ്ട്‌!

February 02, 2006 3:41 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

പിറവിയിലെ മഴ സൃഷ്ടിക്കുന്ന വികാരം ഹൃദയത്തിലെവിടെയോ ഇപ്പൊഴും കൊളുത്തി വലിക്കുന്നുണ്ട്‌..

February 02, 2006 4:33 PM  
Blogger ഇന്ദു | Indu said...

ശനിയനും യാത്രാമൊഴിയ്ക്കുമുള്ള നന്ദി കൂടി പറഞ്ഞു വെയ്ക്കട്ടെ...
നിങ്ങള്‍ പറഞ്ഞതെത്ര ശരിയാണ്‌...പാടിയാലും എഴുതിയാലും തീരാത്തത്ര ഭാവങ്ങളോടെ മഴയെന്ന അനുഭവം ഇന്നും നമ്മളെ കുളിര്‍പ്പിക്കുന്നു! യാത്രാമൊഴി വരച്ച മഴച്ചിത്രങ്ങള്‍ വളരെ സുന്ദരം!

February 02, 2006 6:53 PM  
Blogger സാക്ഷി said...

ഇന്ദുവിന്റെ മഴ മനസ്സില്‍ ഗൃഹാതുരത്തിന്റെ നനുത്ത നൊമ്പരമായി പെയ്തിറങ്ങി. അമ്മുമ്മയുടെ സ്നേഹത്തിന്റെ കരിമ്പടത്തിനായി അറിയാതെ കൊതിച്ചുപോകുന്നു. നന്നായിട്ടുണ്ട്‌.

February 03, 2006 10:16 PM  
Blogger nalan::നളന്‍ said...

എന്റെ കൂട്ടുകാരിയെ അടിച്ചു മാറ്റിയാ !
കൂട്ടുകാരികള്‍ക്കു സ്വാഗതം

February 03, 2006 10:39 PM  
Blogger വിശാല മനസ്കന്‍ said...

nalla mazha..!
swaagatham.

February 04, 2006 12:10 AM  
Blogger ഇന്ദു | Indu said...

സാക്ഷിക്കും നളനും വിശാലനും മഴ ഇഷ്ടമായതില്‍ സന്തോഷമുണ്ട്‌. മഴയെ അങ്ങനെ ഒറ്റയ്ക്ക്‌ സ്വന്തമാക്കാം എന്നു കരുതിയോ നളന്‍?! :)

February 04, 2006 6:54 AM  
Blogger മഴനൂലുകള്‍ .:|:. Mazhanoolukal said...

ജാലകപ്പഴുതിലൂടെ നേര്‍ത്ത വിരല്‍ നീട്ടി എന്നെയുണത്തി അവള്‍ വിതുമ്പിയപ്പോള്‍ ഞാനുമറിഞ്ഞു, മഴ പാവമാണെന്ന്...

ഒത്തിരി ഇഷ്ടപ്പെട്ടു ഇന്ദു :)

April 07, 2006 4:36 AM  
Blogger Inji Pennu said...

>>അവളെന്റെ ആശ്വാസമാണ്‌!!

പലപ്പോഴും എന്റേയും..

July 01, 2006 10:10 AM  
Blogger വേണു venu said...

എടവപ്പാതിയാണ്‌.കോരിചൊരിയുന്ന മഴ.അടുത്ത മുറിയില്‍ എന്റെ അമ്മയും മുന്നു പെങ്ങന്മാരും.
ഞാന്‍ പഠിക്കുകയാണു്‌. നാളെ പരീക്ഷയാണു്‌.
കതകില്ലാത്ത ജന്നാലയിലൂടെ ചീതാനം വീശുകയാണു്‌. ഞാന്‍ പഠിക്കുകയാണു്‌.ജനാലയിലൂടെ വടക്കെക്കര വീട്ടിലെ കൊന്ന തെങ്ങു്‌ ഇപ്പൊള്‍ വീഴും എന്ന രീതിയില്‍ കാറ്റത്തു ചായുന്നതു കാണാം.
http://venuvenu.blogspot.com/2006/04/blog-post_19.html

നന്നായെഴുതിയിരിക്കുന്നു.ഭാവുകങ്ന്മ്ഗള്‍.
വേണു.

September 03, 2006 10:50 AM  
Blogger Sul | സുല്‍ said...

മൌനവും മഴയും ഒരുപോലെ മനോഹരം.

-സുല്‍

January 11, 2007 12:48 AM  
Blogger ...പാപ്പരാസി... said...

വൈകിയണെങ്കിലും ഈ മഴ എന്നേം നനച്ചു കൊണ്ടാണ്‌ കടന്നു പോയത്‌...മനസ്സില്‍,ചളി തെറിപ്പ്പ്പിച്ച്‌ നടന്ന ആ സ്കൂള്‍ ബാല്യം എന്റേം ഇഷ്ട വിഷയങ്ങളില്‍ ഒന്നാണ്‌ മഴ,മഴ തേടി പടിയിറങ്ങി പോയ വിക്ടര്‍ ജോര്‍ജിനായി സമര്‍പ്പിക്കട്ടെ ഞാന്‍ ഈ കവിത ഇന്ദൂന്റെ അനുവാദത്തോടെ
...........ഇനീം എഴുതണം

January 11, 2007 2:56 AM  
Blogger മുല്ലപ്പൂ || Mullappoo said...

കാലം തെറ്റി ഒരു മഴ ഇന്നു പെയ്തെങ്കില്‍...

ബ്ലോഗിങ്ങ് തുടങ്ങിട്ടു ഒരു വര്‍ഷം ആകാന്‍ പോകുന്നോ ?

January 18, 2007 3:34 AM  
Blogger ഇന്ദു | Indu said...

ഇത് എന്റെ ആദ്യ പോസ്റ്റ് മാത്രമല്ല, എനിക്കേറെ പ്രിയപ്പെട്ട ഒരു പോസ്റ്റു കൂടിയാണ്. എല്ലാവരുടെയും നല്ല്ല അഭിപ്രായങ്ങള്‍ക്ക് നന്ദി, കേട്ടോ.. :)

മുല്ലപ്പൂ, ശരിയാണ്, ഒരു കൊല്ലമാവാറായി. ഈയിടെ എഴുത്തു കുറവാണെന്ന് മാത്രം.

qw_er_ty

January 20, 2007 4:15 PM  

Post a Comment

Links to this post:

Create a Link

<< Home