Saturday, February 25, 2012

നാളികേരം

ഇളം കരിക്കിന്റെ കുളിരനുപമം,
ഇളനീരതിന്റെ മധുരമുന്മേഷം,
നാളികേരം, അമൃതമാണെന്റെ,
കേരള നാടിതു ദേവരാജ്യവും!

http://naalikeram.blogspot.com/

Tuesday, September 20, 2011

മഴജന്മം

ജന്മമൊന്നേയിത്, മണ്ണില്‍ മനസ്സിലും
ജീവന്റെ നാളം കൊളുത്തുവാനാവണം
ഇറ്റു വീഴും മഴത്തുള്ളിയോരോന്നിലും
മുറ്റുന്ന മോഹമതൊന്നു മാത്രം!

ഏറ്റം വരണ്ടതാം മണ്‍തരിപ്പുറ്റിനി-
ന്നൂറ്റം പകര്‍ന്നൊന്നു ജീവന്‍ തളിക്കുവാന്‍
കണ്ണീരു വറ്റിയെരിയും മിഴികളില്‍
തണ്ണീരു വീഴ്ത്തി കുളിര്‍മ നിറയ്ക്കുവാന്‍
വന്‍‌മരമായി പടര്‍ന്നു വളരേണ്ട
വിത്തു പിളര്‍ന്നൊന്നു നാമ്പു കിളിര്‍ക്കുവാന്‍
ജന്മമൊന്നേയിത്, ദാഹിച്ച ചുണ്ടില്‍
നനവായിറങ്ങിയാല്‍ ജന്മം സഫലമായ്!

ചുട്ടുപൊള്ളും കരിമ്പാറയില്‍ തട്ടിയാല്‍
ചിന്നിത്തെറിച്ചുയരുന്നതേ ബാഷ്പമായ്
നല്ല മണ്ണില്‍ വീണ വിത്തു തളിരിടും
നല്ല കൂട്ടില്‍ പെടും മര്‍ത്യനുയര്‍ന്നിടും

അഴലല ചാര്‍ത്തുമീ  മണ്ണിനുമേറെ മേലെ
മഴ പിറന്നേതോ വിണ്ണിന്‍ മടിത്തടത്തില്‍
ഒരു നൂറു ജീവിതത്തളിര്‍നാമ്പുറയട്ടെ...
പല നൂറു സ്വപ്നം വിടരട്ടെ, കായ്ക്കട്ടെ!

Friday, October 22, 2010

പെയ്തുറയവേ...

ചൊരിഞ്ഞു വീഴൂം മഴയത്തിറങ്ങി നീ
എരിയുമുള്ളം നനച്ചു നിന്നതും
മിഴിച്ചുവപ്പിന്റെ ചൂ‍ടുള്ള തുള്ളികള്‍
മറച്ചു വെയ്ക്കാന്‍ മിഴി കൂമ്പി നിന്നതും
അറിഞ്ഞതില്ല ഞാന്‍,എന്നു നിനച്ചുവോ?
അറിഞ്ഞുവെന്‍ സഖി, സര്‍വ്വമറിഞ്ഞു ഞാന്‍..

മരച്ചുവട്ടിലും മഴപ്പുതപ്പിലും
മരവിച്ചു നിന്ന നിന്‍ കരളിന്‍ വിതുമ്പലോ
ഉറഞ്ഞു മഞ്ഞാ‍യ്, നിറഞ്ഞ വെണ്‍‌‌മയാ‍യ്
പരന്നു സര്‍വ്വം മറച്ചു മേവുന്നു?
നോവിതെന്തേ പരക്കുന്നു എന്നിലും?
നോവിതെന്തേ തിളങ്ങുന്നു തീക്ഷ്ണമായ്?

Saturday, October 16, 2010

ചില രാത്രികള്‍,
സ്വപ്നങ്ങളുടെ ഭാരിച്ച മഞ്ഞു തൂക്കങ്ങളാണ്
കണ്‍പീലികളില്‍ ചാര്‍ത്തുന്നത്...

പിന്നെയാ മഞ്ഞലിഞ്ഞ്
മനമും മിഴിയും വിടരുവാന്‍
പുറത്ത് വെയില്‍ മൂത്ത് തുടങ്ങണം...

Tuesday, December 11, 2007

ബ്ലോഗ്‌സ്വര ആല്‍ബം 4 - Released!



Blogswara has released its 4th album!
Please check out the songs at http://www.blogswara.in/

Tuesday, April 10, 2007

കെടാവിളക്കാവുക!

നീറും പകലിനൊടുവില്‍ നനുനനെ
ചാറും മഴക്കിനാവൊന്നു നനയ്ക്കിലും
നീറ്റലടങ്ങാത്ത നോവിന്‍ കനലുകള്‍
നിന്‍ മിഴിക്കോണിതില്‍ നൊന്തു പിടഞ്ഞുവോ?

കണ്ണുനീര്‍‌ത്തുള്ളിയൊന്നിറ്റേണ്ട താമസം
കണ്ണീര്‍‌പ്പെരുമഴ കോരിച്ചൊരിച്ചിലായ്
നോവിന്റെ നൊമ്പരമെത്രയൊഴുകിലും
തീരാതെ വീണ്ടും ഉറവ ചുരത്തിടും.

കണ്ണീര്‍ തുടച്ചുകൊണ്ടുള്‍ക്കരുത്തേറ്റുക
മണ്ണില്‍ നിറഞ്ഞുള്ള നന്മയെത്താങ്ങുക
അഴലിന്നൊഴുക്കില്‍ തളര്‍ന്നു വീഴാതെ നീ,
ഉഴലുന്ന ജീവനിന്നേറെയെന്നോര്‍ക്കുക

നിറകണ്ണടച്ചൊന്നു പുഞ്ചിരിച്ചീടുകില്‍
നിറനിലാവൊളി ചാര്‍ത്തിയിങ്ങു പരന്നിടും
ദു:ഖങ്ങളുള്ളില്‍ തിരിക്കെണ്ണയാക്കി നീ
ഇന്നീയിരുട്ടില്‍ കെടാവിളക്കാവുക! *

* സുഗതകുമാരി ടീച്ചറുടെ വരികള്‍:
കണ്ണീരാല്‍ തിരി നനയ്ക്കാം
തിരി നീട്ടാന്‍ വിരല്‍ കരിയ്ക്കാം
നിന്നുള്ളിന്‍ മണി വിളക്കിന്‍
പൊന്‍‌നാളം കെടാതെ കാക്കാം

Labels:

Sunday, March 25, 2007

ബ്ലോഗ്‌സ്വര ആല്‍ബം 3



പുതിയ ഈണങ്ങളും സ്വരങ്ങളുമായി ബ്ലോഗ്‌സ്വര മൂന്നാമത്തെ ആല്‍ബം റിലീസ് ചെയ്തു.
ഇത്തവണ മലയാളത്തില്‍ നിന്ന് സാരംഗിയുടെ രണ്ട് മനോഹര ഗാനങ്ങളുണ്ട്.

ആശംസകള്‍!

Labels: