Sunday, February 12, 2006

ഒരു പിന്‍വിളിയാവാതെ...

ഇല മൂടും തൊടിയരികില്‍
ഇമ പോലും വെട്ടാതെ
മിഴിയാലെ പരിഭവമോതി
ഞാന്‍ കാത്തതു കണ്ടില്ലേ?

ഇല്ലിമുളം കാട്ടിലിരുന്ന്
കാറ്റോതിയ കാര്യം ചൊല്ലാന്‍
കുയില്‍ പാടിയ പാട്ടു പകര്‍ത്താന്‍
നീയെന്തേ പോരാഞ്ഞൂ?

നിറമാര്‍ന്നെന്‍ പകല്‍ക്കിനാവില്‍
നിന്‍ വദനം തെളിഞ്ഞുദിക്കെ
നിറവാര്‍ന്നെന്‍ കണ്ണിണകള്‍
നീയെന്തേ കാണാഞ്ഞൂ?

ഒരു ചാറ്റല്‍ മഴയിതളിന്‍
‍കൈയാലേ കൊടുത്തയച്ച
കടലാസു തോണിയതെല്ലാം
നിറയേയെന്‍ സ്വപ്നങ്ങള്‍!

വെറുതേ ഞാന്‍ മോഹിച്ചോ
നിന്‍ ജീവിതത്താളില്‍ നീ
ഒരു മയില്‍പ്പീലിയെനിക്കായ്‌
കരുതിയൊളിച്ചിടുമെന്ന്!

നീയെങ്ങോ നടന്നകന്നോ
ഒരു യാത്രാമൊഴിയോതാതെ
ഞാനില്ല പിന്‍വിളിയാവാന്‍
‍ഞാനെന്റെ കൂട്ടിലൊതുങ്ങാം...

Labels:

5 Comments:

Blogger Santhosh said...

കൊള്ളാം.

സസ്നേഹം,
സന്തോഷ്

February 17, 2006 5:04 PM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

നന്നായിട്ടുണ്ട്. ഈ കൂട്ടിലൊതുങ്ങേണ്ടവയല്ല ഇതൊന്നും.

February 17, 2006 7:53 PM  
Blogger Kalesh Kumar said...

മനോഹരം!

February 18, 2006 1:32 AM  
Blogger ചില നേരത്ത്.. said...

ഇല്ലിമുളം കാട്ടിലിരുന്ന്
കാറ്റോതിയ കാര്യം ചൊല്ലാന്‍
കുയില്‍ പാടിയ പാട്ടു പകര്‍ത്താന്‍
നീയെന്തേ പോരാഞ്ഞൂ?

എത്ര മനോഹരമായ വരികള്‍..
ഇല്ലിമുളം കാട്ടിലിരുന്ന്- എന്ന് പറയുമ്പോള്‍ സ്ഥലകാലികള്‍ മറന്ന് മറ്റെങ്ങോട്ടോ പൊയ്പോകുന്നു.
മനോഹരമായിരിക്കുന്നു ഈ കവിത.
ഓഫ് റ്റോപിക്ക് : ‘അരണ്യം തന്നെയതില്‍‘ എന്ന് തുടങ്ങുന്ന കവിത ഓര്‍മ്മയുണ്ടോ?.

February 18, 2006 11:35 PM  
Blogger ഇന്ദു | Preethy said...

സന്തോഷ്‌,സാക്ഷി,തുളസി,കലേഷ്‌, ഇബ്രു,
നന്ദി പറയാന്‍ കുറച്ചു വൈകി.

ഇബ്രു ചോദിച്ച കവിതയിതല്ലേ?

ആരണ്യം തന്നില്‍ പിടിപെട്ടിതു വഹ്നിദേവന്‍
കരഞ്ഞു തുടങ്ങിനാള്‍ ജരിത താനുമപ്പോള്‍
നിര്‍ഗുണനായ പിതാവിവറ്റേയുപേക്ഷിച്ചേന്‍ (?)
ദു:ഖിക്കുമാറായി ഞാന്‍ പൈതങ്ങളിവരോടും

എവിടെയൊക്കെയോ ഒരു ശരിയല്ലായ്ക. ഇതു തന്നെ വീട്ടുകാരന്റെ ഓര്‍മയില്‍ നിന്ന്. മറ്റു പലതും പോലെ കവിതകളും ഓര്‍ക്കാന്‍ ഞാന്‍ വളരെ മോശമാണ്‌.

February 25, 2006 4:35 PM  

Post a Comment

<< Home