Tuesday, April 10, 2007

കെടാവിളക്കാവുക!

നീറും പകലിനൊടുവില്‍ നനുനനെ
ചാറും മഴക്കിനാവൊന്നു നനയ്ക്കിലും
നീറ്റലടങ്ങാത്ത നോവിന്‍ കനലുകള്‍
നിന്‍ മിഴിക്കോണിതില്‍ നൊന്തു പിടഞ്ഞുവോ?

കണ്ണുനീര്‍‌ത്തുള്ളിയൊന്നിറ്റേണ്ട താമസം
കണ്ണീര്‍‌പ്പെരുമഴ കോരിച്ചൊരിച്ചിലായ്
നോവിന്റെ നൊമ്പരമെത്രയൊഴുകിലും
തീരാതെ വീണ്ടും ഉറവ ചുരത്തിടും.

കണ്ണീര്‍ തുടച്ചുകൊണ്ടുള്‍ക്കരുത്തേറ്റുക
മണ്ണില്‍ നിറഞ്ഞുള്ള നന്മയെത്താങ്ങുക
അഴലിന്നൊഴുക്കില്‍ തളര്‍ന്നു വീഴാതെ നീ,
ഉഴലുന്ന ജീവനിന്നേറെയെന്നോര്‍ക്കുക

നിറകണ്ണടച്ചൊന്നു പുഞ്ചിരിച്ചീടുകില്‍
നിറനിലാവൊളി ചാര്‍ത്തിയിങ്ങു പരന്നിടും
ദു:ഖങ്ങളുള്ളില്‍ തിരിക്കെണ്ണയാക്കി നീ
ഇന്നീയിരുട്ടില്‍ കെടാവിളക്കാവുക! *

* സുഗതകുമാരി ടീച്ചറുടെ വരികള്‍:
കണ്ണീരാല്‍ തിരി നനയ്ക്കാം
തിരി നീട്ടാന്‍ വിരല്‍ കരിയ്ക്കാം
നിന്നുള്ളിന്‍ മണി വിളക്കിന്‍
പൊന്‍‌നാളം കെടാതെ കാക്കാം

Labels:

Friday, December 29, 2006

എഴുതിയിട്ടത്...

ഇതെന്റെ മൌനത്തിനാഴങ്ങളില്‍ നിന്നും
ചിതറി വീഴും പൊരുളില്ലാ വാക്കുകള്‍
ഇതെന്റെ പാദങ്ങളെങ്ങോ കളഞ്ഞിട്ട
കൊലുസു കൊഞ്ചിക്കിലുങ്ങിപ്പറഞ്ഞത്...

Labels:

Monday, December 11, 2006

തീമഴ വരുന്നു!

കാര്‍മേഘം മാനത്തു കണ്ട നേരം
പീലിത്തഴ വിരിച്ചാടുകയോ
നീലക്കണ്‍ മെല്ലെ തുറക്കുകയോ
നീയെന്തേ, നീയെന്തേ പൊന്‍‌മയിലേ?

പൊന്‍‌മഴ പെയ്യുവാ‍ന്‍ നേരമായോ
പൂഴി കുളിര്‍ക്കും സമയമായോ?
ആയിരം കണ്ണു വിടര്‍ന്നു പിന്നില്‍
ആടുവാനെന്തിത്രയാശാവേശം?

നീയറിഞ്ഞില്ല മനുഷ്യനുള്ളില്‍
നീറുമധികാര ദുര്‍‌മോഹങ്ങള്‍
തീരങ്ങളായൊരു തീരമെല്ലാം
തീമഴ പെയ്യുന്ന ദുര്‍‌മ്മേഘങ്ങള്‍!

അഗ്നിമഴയൊന്നു പെയ്തുപോയാല്‍
കത്തിക്കരിഞ്ഞുപോം ഞാനും നീയും
കഷ്ടം! മനുഷ്യനീ ഭൂമിയെത്തന്‍
പട്ടടയാക്കുന്നു ബോധശൂന്യന്‍!

(1990-ല്‍ സൌഹൃദം മാസികയില്‍ പ്രസിദ്ധീകരിച്ചത്)

Labels:

Sunday, November 12, 2006

ഉജ്ജ്വലനിമിഷം

ചുറ്റുമിരുട്ടു നിറയുന്നുവെങ്കിലും
ചിത്തത്തിനുള്ളില്‍ പ്രകാശമാണെപ്പൊഴും
എന്നുമേയന്യര്‍ക്കു നേര്‍വഴി കാട്ടുവാന്‍
എന്നും പതറാതെ മുന്നോട്ടു നീങ്ങുവാന്‍
വെട്ടം പരത്തി വിളങ്ങും മഹാപ്രഭോ
വെക്കമീയെന്നില്‍ നിറയ്ക്കൂ മഹാബലം!

അര്‍ക്കനെയിപ്പോള്‍ മറയ്ക്കുന്നു കാറുകള്‍
അദ്രിയില്‍ ചുറ്റിത്തിരിവൂ ചുഴലികള്‍
അമ്മറ കീറിക്കടന്നു മുന്നേറുവാന്‍
എന്‍ മനസ്സിന്റെ ചിറകുകള്‍ക്കാകുമോ?
എന്തിതെന്‍ ചുണ്ടില്‍ ചുരന്നു വന്നെത്തിയ
ശാന്തിമന്ത്രത്തിനും തീ പിടിക്കുന്നുവോ!

(1991-ല്‍ എക്സ്പ്രസ്സ് പത്രത്തില്‍ പ്രസിദ്ധീകരിച്ചത്)

Labels:

Tuesday, September 05, 2006

എന്റെ മനസ്സിലും ഓണമുണ്ട്

എന്റെ മനസ്സിലുമോണമുണ്ട്
പത്തു നാളോണക്കുളിരതുണ്ട്
തുമ്പ മലരിന്‍ സുകൃതമുണ്ട്
തൂമലര്‍ക്കാടിന്‍ സുഗന്ധമുണ്ട്

എന്‍ മിഴിക്കൂട്ടിലുമോണമുണ്ട്
പുത്തന്‍ പുടവക്കനവതുണ്ട്
തൃക്കാക്കരപ്പനു വെച്ചതുണ്ട്
കൊയ്തിട്ട നെല്ലിന്‍ നിറവുമുണ്ട്

എന്‍ കാതിലാര്‍പ്പു വിളികളുണ്ട്
പൂവേ പൊലി പൊലി കേള്‍പ്പതുണ്ട്
കുമ്മാട്ടി പാടിയരികിലുണ്ട്
കൈകൊട്ടിപ്പാട്ടിന്റെ ശീലതുണ്ട്

എന്‍ നാവിലോണ രുചിയുമുണ്ട്
നേദിച്ച പൂവടച്ചൂടതുണ്ട്
നേന്ത്രപ്പഴത്തിന്‍ മധുരമുണ്ട്
നാലായ് വറുത്ത കായ് സ്വാദുമുണ്ട്

എന്റെ മനസ്സിലുമോണമുണ്ട്
സ്നേഹം വിളമ്പിയൊരോര്‍മയുണ്ട്
അത്തം കറുത്തതിന്‍ നോവതുണ്ട്
ഓണമകന്നതിന്‍ തേങ്ങലുണ്ട്

Labels:

Friday, September 01, 2006

പൂരപ്പൊലിമ

ആനകളൊമ്പത്, കാവടിയമ്പത്,
ആലത്തൂര്‍ക്കാവിലെ പൂരം വന്നേ!

ആനപ്പറ നിറച്ചായിരം വീട്ടിലും
ആനക്കുറുമ്പന്‍ കുണുങ്ങി നിന്നേ!

മാരിവില്‍ വര്‍ണ്ണങ്ങളേഴും നിറയുന്ന
കുപ്പിവളകള്‍ നിരക്കെയുണ്ടേ!

കാവടിക്കൊപ്പമായ്, താളം ചവുട്ടി നി-
ന്നാടിത്തിമര്‍ക്കുവാന്‍ ഞങ്ങളുണ്ടേ!

ആട്ടം കഴിഞ്ഞതും കൂട്ടം പിരിഞ്ഞുപോയ്
വട്ടം തികഞ്ഞൊരു സദ്യയുണ്ടേ!

കൂത്തമ്പലത്തില്‍ കഥകളിയാടവേ
കൂട്ടരും ഞാനുമുറങ്ങിയെന്നേ!

പൂരം കഴിഞ്ഞുവോ, പോവല്ലേ കൂട്ടരേ,
പൂക്കോട്ടെയുത്സവം നാളെയല്ലേ?

Labels:

Tuesday, July 04, 2006

കുടിയിറക്കല്‍

ഭാവസാന്ദ്രമായി ജോ ഈ കവിത ആലപിക്കുന്നതു കേള്‍ക്കൂ...

പടിയിറങ്ങുവാനൊരു രാവു ബാക്കിയി-
ന്നൊടുവിലെക്കിളി തേങ്ങിപ്പറന്നു പോയ്‌
പൂമുഖത്താരോ കൊളുത്തിയ നെയ്‌ച്ചിരാ-
താടിക്കളിക്കുന്നു കാറ്റിന്റെ കൈകളില്‍

ഞാറ്റുവേലക്കുളിര്‍ പായല്‍പ്പുതപ്പാലേ
പാടെ മറക്കും പടവുകള്‍ താണ്ടിയാല്‍,
മാമ്പഴത്തൂമണമോടിക്കളിക്കുന്ന
ചെമ്പകത്തോട്ടം നടന്നു കയറിയാല്‍,

എത്തുന്നതീ പടിവാതിലില്‍, മുട്ടിയാല്‍
എത്തിനോക്കുന്ന വാല്‍സല്യമെന്നമ്മ!
എന്തിതിന്നു നിറയുന്നു നിന്‍ മിഴി
എന്നു പോലുമാരായുവാനായില്ല!

പടിയിറക്കിടാം നിങ്ങള്‍ക്കു ഞങ്ങളെ,
കുടിയിറങ്ങില്ല, ഞങ്ങടെ ഓര്‍മകള്‍!
ഇവിടെ നോവില്‍ നനഞ്ഞൊരെന്നോര്‍മകള്‍
മറവിക്കണ്‍പെടാതൊളിച്ചു നിന്നിടും!

Labels:

Thursday, June 29, 2006

കൊച്ചു കൊച്ചു മോഹങ്ങള്‍

[എന്റെ മോന്‌ വായിച്ചു കൊടുക്കുന്ന കുട്ടിക്കഥകളിലെ
പൊട്ടും പൊടിയും കോര്‍ത്തിണക്കി ഇതാ ഒരെണ്ണം... ]

മാരിക്കാര്‍മുകില്‍ മുകളേറി
മഴവില്ലൂഞ്ഞാലൊന്നാടി
ചെമ്മാനത്തെ പഴുപ്പൊത്ത
ചെമ്പഴമൊന്നു പറിക്കേണം!

രാവിന്‍ തോണി തുഴഞ്ഞെത്തി
പാല്‍നിറമൊത്തൊരു പൂര്‍ണേന്ദു
നൂലാല്‍ കെട്ടിയെടുത്താലോ?
നാടു മുഴുക്കെ വിളക്കായി!

താരകളെങ്ങും മിന്നുന്നു
മിന്നാമിന്നി നിറഞ്ഞതു പോല്‍!
കൂടിതിലൊന്നു പിടിക്കേണം
കൂടെയുറങ്ങാന്‍ കൂട്ടായി!

തെന്നലു മൂളിപ്പാടുന്നോ,
തേന്മാവിന്‍ കൊമ്പാടുന്നോ?
ഞാനും കൂടെപ്പോന്നോട്ടെ
പാടിപ്പാടിയുറക്കാമോ?

Labels:

Sunday, May 28, 2006

വളകിലുക്കം

നിഴലും നിലാവുമായിഴ ചേര്‍ന്നൊരോര്‍മ തന്‍
മഴ പെയ്യവേയൊരു വളകിലുക്കം...
വഴി മാറിയെത്തിയ വെയില്‍ വീണ സന്ധ്യയില്‍
അഴകുറ്റി നിന്നോരു ചിരിമുഴക്കം...

അകലെ ഞാന്‍ കാണുന്നതെന്‍ ബാല്യകാലമാ-
ണെന്‍ കൂടെയുള്ളതെന്‍ കൂട്ടുകാരും
നേരം പുലര്‍ന്നാലൊടുങ്ങും വരേയെത്ര
കാര്യങ്ങള്‍ ഞങ്ങളന്നോതുമെന്നോ?

ഏറെച്ചിരിക്കുന്ന ഞങ്ങള്‍ക്ക്‌ കൂട്ടായി
കൂടെച്ചിരിക്കും കരിവളകള്‍
ഇരുകൈ നിറയേ വളയുണ്ടെനിക്കതില്‍
പ്രിയമേറെയുള്ളതീ ചുറ്റുവള

ഉള്ളൂരെപ്പൂയത്തിനെന്നച്ഛനേകിയ
വെള്ളപ്പളുങ്കിന്റെ കുപ്പിവള
നന്നായിച്ചേരുമിതു നിനക്കെന്നോതി
എന്നമ്മയിട്ടതീ ചോപ്പുവള

ഏതോ വഴക്കിന്നരിശമൊടുക്കുവാന്‍
എന്റേയനിയനുടച്ചതെന്നാല്‍
ഒന്നും വിടാതെപ്പെറുക്കിയെടുത്തു ഞാന്‍
പൊന്‍വളപ്പൊട്ടുകള്‍ കൂട്ടിവെച്ചു

കാലം കടന്നുപോയ്‌, ഞാനും വളര്‍ന്നുപോയ്‌
കൈവളക്കാലം മറഞ്ഞു പോയി
കൈത്തടം ശൂന്യമാണുള്‍ത്തടം മൂകമായ്‌
കാതില്‍ വളകള്‍ കിലുങ്ങുമിന്നും...

Labels:

Saturday, April 08, 2006

കൃഷ്ണഗീതം

മഴക്കൊഞ്ചല്‍ താളമേറ്റി
മഴമേഘച്ചേല ചുറ്റി
മണിപ്പൂങ്കുഴലൂതിയെന്റെ
ശ്യാമവര്‍ണ്ണാ ഓടിവാവാ

ഇലച്ചാര്‍ത്തിന്‍ താളമേളം
ഇലഞ്ഞിപ്പൂ ചോടു വെച്ചു
ഇളംതെന്നല്‍ ശ്രുതിയേകി
ഇനിയാടാന്‍ ഓടിവാവാ

മുരളിയൂതി നീ വരുമ്പോള്‍
അരളിവനപ്പൂക്കടവില്‍
അരികിലിരുന്നൂയലാടാന്‍
ആശയെനിക്കേറെയല്ലോ!

നറുവെണ്ണക്കുടമുണ്ട്‌
ഉറതൈരുമേറെയുണ്ട്‌
ഉരുളയാക്കി മാമമുണ്ണാം
അരുമയല്ലേ, നീ വരില്ലേ?

നീലവാനിന്നഴകുള്ളോന്‍
നീയെനിക്കെന്‍ കണ്ണനല്ലോ
ഞാന്‍ ജപിച്ചാല്‍ കേള്‍ക്കയില്ലേ?
ഞാന്‍ വിളിച്ചാല്‍ നീ വരില്ലേ?

Labels:

Wednesday, March 29, 2006

സ്വന്തം കൂട്ടിലേക്ക്‌

ചുറ്റിനുമാടിക്കളിക്കും ലതകളും
കാറ്റില്‍ വിരിഞ്ഞിടും തെങ്ങണിപ്പീലിയും
മാടിവിളിക്കവെ, ഏകയായ്‌ ഞാനൊരാ
നാലുകെട്ടിന്നകം മൂകയായ്‌ നിന്നു പോയ്‌!

പത്തരമാറ്റൊളിപ്പൂമെയ്യുടയവന്‍
എത്തുന്നു സൂര്യന്‍ തുടുത്ത മുഖവുമായ്‌
ചക്രവാളം തന്നിലൂഴി തന്‍ തോഴിയാം
ചേലലയാഴിയെ തൊട്ടു തഴുകുവാന്‍.

കാവിലെക്കാവല്‍ മരത്തിന്റെ ചില്ലമേല്‍
കാക്കയൊരുങ്ങുന്നു കൂടണഞ്ഞീടുവാന്‍
നീങ്ങുന്നു ലോകം പെരിയോരിരുട്ടിന്റെ
നീഡത്തിലേക്കെന്നു തോന്നുകയാണുമേ.

എകാന്തതയോടു സല്ലപിച്ചങ്ങനെ
എതോ കിനാവിന്റെ വക്കത്തിരുന്ന ഞാന്‍
നേരമൊട്ടേറെയായ്‌ എന്തോ തിരയുന്നു
നേരിന്‍ നടയില്‍ നിഴലെന്ന പോലവെ

അസ്വസ്ഥമാകുന്നു മാമക മാനസം
അസ്തമയദ്യുതി വിട്ടകന്നീടവെ
ചേതോഹരത്വം മറഞ്ഞൊരീ സന്ധ്യയില്‍
ചേക്കേറിടട്ടെ ഞാന്‍ എന്നുള്ളിലേക്കിനി!

(1992-ല്‍ എഴുതിയത്‌)

Labels:

Wednesday, March 22, 2006

വാവാവുറങ്ങുണ്ണീ...

ഊയലാടുണ്ണീ, ഊയലാട്‌,
താലോലം തൂമലരൂയലാട്‌,
താരാട്ടിന്‍ താളത്തിലൂയലാട്‌,
ആലോലമെന്‍ കുരുന്നൂയലാട്‌,

മാനത്തെ പൊന്‍വിളക്കങ്ങു കണ്ടോ?
മുത്തിനെ നോക്കിച്ചിരിക്കുന്നുവോ?
ആരാരും കേറാത്ത മാളിക മേല്‍
ആയിരം താരകള്‍ പൂത്ത കണ്ടോ!

ആലിലതെന്നലിന്നീ വഴിയെ
കുഞ്ഞിനെ താരാട്ടാന്‍ വന്നതാണോ?
പാരിജാതം പൂത്തു നിന്നതെന്തേ
പൂമണമൂട്ടിയുറക്കുവാനോ?

എന്‍ മണിക്കുട്ടന്‍ ചിരിക്കയാണോ
പൂനിലാവിങ്ങു പരക്കയാണോ
നേരമിന്നേറെയായ്‌ പൊന്നുമോനേ
ആരോമലെന്നുണ്ണി വാവുറങ്ങ്‌

വാവുറങ്ങുണ്ണീ, വാവുറങ്ങ്‌,
താലോലം തൂമലര്‍ വാവുറങ്ങ്‌,
താരാട്ടിനീണത്തില്‍ വാവുറങ്ങ്‌,
ആലോലമെന്‍ കുഞ്ഞു വാവുറങ്ങ്‌...

ജോ കൊടുത്ത ഈണത്തില്‍, മീരയുടെ മനോഹരമായ ശബ്ദത്തില്‍ ഈ താരാട്ട് ഇവിടെ കേള്‍ക്കാം..

Labels:

Saturday, March 18, 2006

അന്നുമിന്നും

അന്ന്,

അന്നീയിരുളില്‍ ഞാനിങ്ങലയേ
വന്നൂ വിളക്കായ്‌ നീയെന്നരികെ!
ഒഴിയാത്തഴലിന്‍ തിരമാലയെല്ലാം
അന്നു നീയാലെ പെയ്‌തങ്ങൊഴിഞ്ഞു!

ഇന്നും...

തല ചാച്ചുറങ്ങാന്‍ വിരിമാറിതുണ്ട്‌,
ഒരു താങ്ങു നല്‍കാന്‍ ഈ കൈക്കരുത്തും!
ഉരിയാതെ വന്നെന്‍ മിഴി പൊത്തി നില്‍ക്കെ
ഉതിരുന്ന മന്ദസ്മിതമെന്റെ ഭാഗ്യം!

Labels:

Wednesday, March 15, 2006

ഇനി, വസന്തകാലം!








"ഇളവെയിലൂഞ്ഞാലാടി മൂളിയതെന്തേ?
കിളിമകള്‍ ഈണം കൂട്ടി പാടിയതെന്തേ?"

"മീനക്കാറ്റൊന്നും വന്നു ചൊല്ലിയതില്ലേ?
ഇനിയല്ലേ, പൂ നിറയും വസന്തകാലം!"


"ഉണവാര്‍ന്ന് പൂമിഴികള്‍ കണ്‍തുറന്നെന്നോ
ഇണയാവാനീറന്‍ കാറ്റിങ്ങോടി വന്നെന്നൊ?"

"വിറയാര്‍ന്ന മഞ്ഞുകാലം കൂടൊഴിഞ്ഞു പോയ്‌
മറ മാറ്റിയീ പകലില്‍ നീയിറങ്ങി വാ!"

"ഇല പൊഴിഞ്ഞെന്‍ മോഹത്തൈകള്‍ ഇനി തളിര്‍ക്കുമോ
ശലഭങ്ങളായിരമെണ്ണം ഇതള്‍ വിടര്‍ത്തുമോ"


"എല്ലാരും നല്ലകാലം വന്നെന്നോതുമ്പോള്‍
എന്തിനെന്റെ തേന്‍മൊഴിയേ, നീയിടറുന്നു?
ഇവിടെല്ലാം പൂ വിടരും, പൂമണമൊഴുകും,

ഇല നീര്‍ത്തി കായ്‌ നിറയും നിന്‍ കിനാക്കളും!!!"

Labels:

Saturday, February 25, 2006

കുഞ്ഞേ, പൊറുക്കുക!

സമര്‍പ്പണം: എന്നും രാവിലെ സ്വന്തം പൊടിക്കുഞ്ഞുങ്ങളെ പോറ്റമ്മമാരെ ഏല്‍പിച്ച്‌ ജോലി ചെയ്യാനിറങ്ങുന്ന അമ്മമാര്‍ക്ക്‌...

കുഞ്ഞേ, പൊറുക്കുക! ഈയമ്മ തന്നുള്ളില്‍
‍തേങ്ങിക്കരയുന്നു താരാട്ടിനീണം
ചുണ്ടു പിടയുന്നു, നെഞ്ചകം വിങ്ങുന്നു
ചിത്തം പിളര്‍ത്തുന്നു നിന്റെയീ രോദനം!

പോറ്റമ്മയിന്നും നിനക്കു പകര്‍ന്നിടും
സ്നേഹം പകര്‍ത്തിയ പാലിന്റെ തേന്‍കുടം
എല്ലാമറിയാം, അറിഞ്ഞിട്ടുമെന്തിനേ
ഇന്നും നിനക്കൊപ്പമമ്മയും തേങ്ങുന്നു?!

നീയെന്നില്‍ വളര്‍ന്നവനെന്നെ വളര്‍ത്തിയോന്‍!
എന്നുള്ളിലായിരം താരാട്ടുണര്‍ത്തിയോന്‍!
എണ്ണയിട്ടെത്രയോ ദീപങ്ങള്‍ വിണ്ണിലും
ഉള്ളിലുമൊപ്പം കൊളുത്തിപ്പിറന്നവന്‍!

അന്തിയാവോളമൊരിക്കലും തീരാത്ത
പേപ്പറിന്‍ കെട്ടില്‍ മുഖം പൂണ്ടിരിക്കിലും
കണ്ണടച്ചാലും തുറന്നാലുമെന്‍ മുന്നില്‍
കണ്ണിറുക്കിച്ചിരിക്കുന്ന നിന്‍ മുഖം!

തേനും വയമ്പും പുരണ്ട പാല്‍ചുണ്ടുകള്‍
വെണ്ണ തോല്‍ക്കും നറുംകവിള്‍ത്തുണ്ടുകള്‍
മിന്നിമിന്നുന്ന കണ്ണിന്‍ കുരുന്നുകള്‍
കുഞ്ഞേ, നിനക്കായ്‌ ചുരത്തുന്നു നെഞ്ചകം!

വീണ്ടുമൊടുങ്ങീ ഒരു പകലിന്‍ വ്യഥ
നിന്നിലേയ്ക്കെത്താന്‍ കുതിക്കുന്നു മാനസം!
അമ്മയെക്കണ്ട നിന്‍ കണ്ണിന്‍ തിളക്കത്തില്‍
എന്‍ ജീവിതം സാര്‍ത്ഥകം! ലോകമേ സുന്ദരം!!

Labels:

Sunday, February 12, 2006

ഒരു പിന്‍വിളിയാവാതെ...

ഇല മൂടും തൊടിയരികില്‍
ഇമ പോലും വെട്ടാതെ
മിഴിയാലെ പരിഭവമോതി
ഞാന്‍ കാത്തതു കണ്ടില്ലേ?

ഇല്ലിമുളം കാട്ടിലിരുന്ന്
കാറ്റോതിയ കാര്യം ചൊല്ലാന്‍
കുയില്‍ പാടിയ പാട്ടു പകര്‍ത്താന്‍
നീയെന്തേ പോരാഞ്ഞൂ?

നിറമാര്‍ന്നെന്‍ പകല്‍ക്കിനാവില്‍
നിന്‍ വദനം തെളിഞ്ഞുദിക്കെ
നിറവാര്‍ന്നെന്‍ കണ്ണിണകള്‍
നീയെന്തേ കാണാഞ്ഞൂ?

ഒരു ചാറ്റല്‍ മഴയിതളിന്‍
‍കൈയാലേ കൊടുത്തയച്ച
കടലാസു തോണിയതെല്ലാം
നിറയേയെന്‍ സ്വപ്നങ്ങള്‍!

വെറുതേ ഞാന്‍ മോഹിച്ചോ
നിന്‍ ജീവിതത്താളില്‍ നീ
ഒരു മയില്‍പ്പീലിയെനിക്കായ്‌
കരുതിയൊളിച്ചിടുമെന്ന്!

നീയെങ്ങോ നടന്നകന്നോ
ഒരു യാത്രാമൊഴിയോതാതെ
ഞാനില്ല പിന്‍വിളിയാവാന്‍
‍ഞാനെന്റെ കൂട്ടിലൊതുങ്ങാം...

Labels:

Friday, February 03, 2006

പൂവാലനും വെള്ളച്ചിയും പിള്ളേരും

കൂടൊന്നൊരുക്കുന്നു, ചുള്ളിയാല്‍ മേയുന്നു
പൂവാലനണ്ണാനും വെള്ളച്ചിയും
മേടം കഴിയാറായ്‌... മാനം കറുക്കാറായ്‌...
ഒട്ടും നനയാത്ത കൂടു വേണം!

നെല്ലിമരത്തിന്നുച്ചീലെ കൊമ്പതില്‍
‍നല്ലൊരു വീടങ്ങൊരുങ്ങി വന്നു!
പൂവാലനിഷ്ടമായ്‌, വെള്ളച്ചിക്കിഷ്ടമായ്‌
കണ്ടോര്‍ക്കും കേട്ടോര്‍ക്കുമിഷ്ടമായി!

കാട്ടുകരിമ്പനയോല മെടഞ്ഞുള്ള
പൂമെത്ത പൂവാലന്‍ നെയ്തെടുത്തു
തൂവല്‍ വിരിക്കണം, സ്നേഹം വിതറണം
തന്റെ വെള്ളച്ചിക്കുറങ്ങുവാനായ്‌

വാലൊന്നിളക്കീട്ടു നീട്ടിച്ചിലച്ചിട്ട്‌
വെള്ളച്ചി സ്നേഹം തിരിച്ചു നല്‍കി!
പിന്നെ പൂവാലന്നുച്ചയ്ക്കു തിന്നുവാന്‍
പച്ചപ്പറങ്കിയും പേരയ്ക്കയും!

* * * * * * * *

ചിങ്ങം പിറന്നപ്പോളോണമണഞ്ഞപ്പോള്‍
വെള്ളച്ചിക്കുണ്ടു വയറ്റിലെന്ന്!!
പൂവാലനേറ്റം മനം നിറഞ്ഞന്നവന്‍
കാട്ടിലെല്ലാര്‍ക്കും വിരുന്നു നല്‍കി!

മാസം തികഞ്ഞപ്പോള്‍ വെള്ളച്ചി പെറ്റിട്ട-
തോമല്‍ക്കുരുന്നുകള്‍ രണ്ടതുങ്ങള്‍
ഒന്നാമനുച്ചിയില്‍ പുള്ളികള്‍ രണ്ടുണ്ട്‌
എന്നാലവനു പേര്‍ പുള്ളിനങ്ങന്‍
രണ്ടാമന്‍ കാക്കക്കറുമ്പന്‍ മെലിഞ്ഞവന്‍
കണ്ടാലഴകുള്ളോന്‍ പൂങ്കറുമ്പന്‍!

അച്ഛനുമമ്മയും തേന്‍ പകര്‍ന്നോമനി-
ച്ചോമല്‍ കിടാങ്ങള്‍ വളര്‍ന്നു വന്നു
അണ്ണാറക്കണ്ണന്മാര്‍ കാട്ടില്‍ നിറച്ചത്‌
എണ്ണ്യാലൊടുങ്ങാത്ത സ്നേഹപ്പൂക്കള്‍!!

[കടപ്പാട്‌: പി. നരേന്ദ്രനാഥിന്റെ 'വനവീരന്മാര്‍' എന്ന കുട്ടികള്‍ക്കുള്ള നോവലിന്‌...
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗ്രാമീണ വായനശാലയില്‍ നിന്ന് സമ്മാനം കിട്ടിയതാണ്‌, നരേന്ദ്രനാഥിന്റെ ആ ബാലസാഹിത്യ കൃതി. പിന്നീടിങ്ങോട്ട്‌ അതെത്രയാവര്‍ത്തി വായിച്ചിട്ടുണ്ട്‌ എന്ന് എനിക്കു തന്നെ നിശ്ചയമില്ല. ആ നോവലിന്റെ തുടക്കമാണ്‌ ഈ കുട്ടിക്കവിതയ്ക്ക്‌ ആധാരം. കഥ ഓര്‍ത്തെടുത്ത്‌ കവിതയാക്കിയപ്പോള്‍ ‍പേരുകളും മറ്റു പലതും മാറി മറിഞ്ഞിട്ടുണ്ടാകാം.

'വനവീരന്മാര്‍' വായിച്ചു കഴിഞ്ഞപ്പോള്‍ നരേന്ദ്രനാഥിന്റെ മറ്റ്‌ എല്ലാ കൃതികളും തേടിപ്പിടിച്ച്‌ വായിച്ചിരുന്നു - മനസ്സറിയും യന്ത്രം, വികൃതിരാമന്‍, കുഞ്ഞിക്കൂനന്‍.... എല്ലാം പ്രിയപ്പെട്ടവ! ഇന്നും നരേന്ദ്രനാഥ്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകാരനാണ്‌.]

Labels: