കുഞ്ഞേ, പൊറുക്കുക!
സമര്‍പ്പണം: എന്നും രാവിലെ സ്വന്തം പൊടിക്കുഞ്ഞുങ്ങളെ പോറ്റമ്മമാരെ ഏല്‍പിച്ച് ജോലി ചെയ്യാനിറങ്ങുന്ന അമ്മമാര്‍ക്ക്...
കുഞ്ഞേ, പൊറുക്കുക! ഈയമ്മ തന്നുള്ളില്‍
തേങ്ങിക്കരയുന്നു താരാട്ടിനീണം
ചുണ്ടു പിടയുന്നു, നെഞ്ചകം വിങ്ങുന്നു
ചിത്തം പിളര്‍ത്തുന്നു നിന്റെയീ രോദനം!
പോറ്റമ്മയിന്നും നിനക്കു പകര്‍ന്നിടും
സ്നേഹം പകര്‍ത്തിയ പാലിന്റെ തേന്‍കുടം
എല്ലാമറിയാം, അറിഞ്ഞിട്ടുമെന്തിനേ
ഇന്നും നിനക്കൊപ്പമമ്മയും തേങ്ങുന്നു?!
നീയെന്നില്‍ വളര്‍ന്നവനെന്നെ വളര്‍ത്തിയോന്‍!
എന്നുള്ളിലായിരം താരാട്ടുണര്‍ത്തിയോന്‍!
എണ്ണയിട്ടെത്രയോ ദീപങ്ങള്‍ വിണ്ണിലും
ഉള്ളിലുമൊപ്പം കൊളുത്തിപ്പിറന്നവന്‍!
അന്തിയാവോളമൊരിക്കലും തീരാത്ത
പേപ്പറിന്‍ കെട്ടില്‍ മുഖം പൂണ്ടിരിക്കിലും
കണ്ണടച്ചാലും തുറന്നാലുമെന്‍ മുന്നില്‍
കണ്ണിറുക്കിച്ചിരിക്കുന്ന നിന്‍ മുഖം!
തേനും വയമ്പും പുരണ്ട പാല്‍ചുണ്ടുകള്‍
വെണ്ണ തോല്‍ക്കും നറുംകവിള്‍ത്തുണ്ടുകള്‍
മിന്നിമിന്നുന്ന കണ്ണിന്‍ കുരുന്നുകള്‍
കുഞ്ഞേ, നിനക്കായ് ചുരത്തുന്നു നെഞ്ചകം!
വീണ്ടുമൊടുങ്ങീ ഒരു പകലിന്‍ വ്യഥ
നിന്നിലേയ്ക്കെത്താന്‍ കുതിക്കുന്നു മാനസം!
അമ്മയെക്കണ്ട നിന്‍ കണ്ണിന്‍ തിളക്കത്തില്‍
എന്‍ ജീവിതം സാര്‍ത്ഥകം! ലോകമേ സുന്ദരം!!
Labels: കവിത
9 Comments:
കുഞ്ഞേ, പൊറുക്കുക!
സമര്‍പ്പണം: എന്നും രാവിലെ സ്വന്തം പൊടിക്കുഞ്ഞുങ്ങളെ പോറ്റമ്മമാരെ ഏല്‍പിച്ച് ജോലി ചെയ്യാനിറങ്ങുന്ന അമ്മമാര്‍ക്ക്...
ഇന്ദു,
പേപ്പര്‍ കെട്ടു മാറ്റി കമ്പ്യൂട്ടര്‍ എന്നാകിയാലും മതി ;-). ഒരു നല്ല വിഷയം.. ഇനിയും പോരട്ടെ..
കണ്ണ് നനയിച്ച കവിത.
ഓരോ ദിവസവും കുഞ്ഞിനെ ഡേകെയറിലാക്കി പോകുമ്പൊള്‍ കരഞ്ഞു പോവാറുള്ള ഒരമ്മ.
അമ്മമാര്‍ക്ക് മാത്രമല്ല, അച്ഛന്‍മാര്‍ക്കും സങ്കടം വരും. :(
നല്ല വിഷയം, ഇന്ദൂ..
നന്നായിട്ടുണ്ട് ഇന്ദൂ.
ഇന്ദു, വളരെ നന്നായിട്ടുണ്ട്.
ജോ ഇതൊന്നു പാടി കേള്‍പ്പിച്ചിരുന്നെങ്കില്‍....
very nice indu... nannaayi ezhuthi.
ശനിയാ,
'കമ്പ്യൂട്ടര്‍' വെച്ച് എന്റെ വരിയൊന്നും ഒത്തു വരാഞ്ഞതിനാല്‍ 'പേപ്പറിന്‍ കെട്ട്' എന്നാക്കിയതാണ്. :)
കുട്ട്യേടത്തി, കണ്ണൂസ്,
അനുഭവത്തില്‍ നിന്ന് എഴുതുമ്പോള്‍ വരികളും വാക്കുകളും എളുപ്പം മനസ്സില്‍ തെളിയും. എന്റെ വരികളിലെ വിഷമം പങ്കു വെച്ചതിനു നന്ദി!
സാക്ഷി, വിശാലാ, ഡ്രിസില്‍, നന്ദി! നന്ദി!
:-) അനുഭവം ഗുരു, അല്ലെ? തീക്ഷ്ണമായ വികാരത്തില്‍ നിന്നാണു നല്ല സാഹിത്യം ജനിക്കുന്നതെന്നു ആരോ പറഞ്ഞു കേട്ടിട്ടുണ്ട്..
Post a Comment
<< Home