Tuesday, September 20, 2011

മഴജന്മം

ജന്മമൊന്നേയിത്, മണ്ണില്‍ മനസ്സിലും
ജീവന്റെ നാളം കൊളുത്തുവാനാവണം
ഇറ്റു വീഴും മഴത്തുള്ളിയോരോന്നിലും
മുറ്റുന്ന മോഹമതൊന്നു മാത്രം!

ഏറ്റം വരണ്ടതാം മണ്‍തരിപ്പുറ്റിനി-
ന്നൂറ്റം പകര്‍ന്നൊന്നു ജീവന്‍ തളിക്കുവാന്‍
കണ്ണീരു വറ്റിയെരിയും മിഴികളില്‍
തണ്ണീരു വീഴ്ത്തി കുളിര്‍മ നിറയ്ക്കുവാന്‍
വന്‍‌മരമായി പടര്‍ന്നു വളരേണ്ട
വിത്തു പിളര്‍ന്നൊന്നു നാമ്പു കിളിര്‍ക്കുവാന്‍
ജന്മമൊന്നേയിത്, ദാഹിച്ച ചുണ്ടില്‍
നനവായിറങ്ങിയാല്‍ ജന്മം സഫലമായ്!

ചുട്ടുപൊള്ളും കരിമ്പാറയില്‍ തട്ടിയാല്‍
ചിന്നിത്തെറിച്ചുയരുന്നതേ ബാഷ്പമായ്
നല്ല മണ്ണില്‍ വീണ വിത്തു തളിരിടും
നല്ല കൂട്ടില്‍ പെടും മര്‍ത്യനുയര്‍ന്നിടും

അഴലല ചാര്‍ത്തുമീ  മണ്ണിനുമേറെ മേലെ
മഴ പിറന്നേതോ വിണ്ണിന്‍ മടിത്തടത്തില്‍
ഒരു നൂറു ജീവിതത്തളിര്‍നാമ്പുറയട്ടെ...
പല നൂറു സ്വപ്നം വിടരട്ടെ, കായ്ക്കട്ടെ!

1 Comments:

Blogger Kalavallabhan said...

"നല്ല മണ്ണില്‍ വീണ വിത്തു തളിരിടും
നല്ല കൂട്ടില്‍ പെടും മര്‍ത്യനുയര്‍ന്നിടും"
സത്യം പറയട്ടെ കമന്റ്‌ ബോക്സ്‌ കണ്ടിട്ട്‌ ഈ സത്യം തെറ്റാണെന്ന് തോന്നുന്നു.
നല്ല കവിത
ആദ്യമായാണിവിടെ എന്നാണ്‌ തോന്നുന്നത്‌.
ആശംസകൾ

December 04, 2011 8:58 PM  

Post a Comment

<< Home