Monday, October 03, 2011

ദൈവത്തിന്റെ പാതി

താന്‍ പാതി, ദൈവം പാതി
എന്റെ പാതി ചെയ്ത്, ബാക്കി പാതിക്കായി
ഞാന്‍ ദൈവത്തെ തിരയുകയായിരുന്നു.

തിരച്ചില്‍ ഒരലച്ചില്‍ മാത്രമായി നില്‍ക്കെയാണ്‌,
അവനെന്റെ കൈ പിടിച്ചത്
"വരൂ ഞാന്‍ നിനക്കു ദൈവത്തെ കാട്ടിത്തരാം"

അവനെനിക്ക് ദൈവമാവുകയായിരുന്നു.
അവന്റെ കൈ പിടിച്ചാല്‍ എനിക്ക് മായക്കാഴ്ച
കിട്ടുമായിരുന്നു...

ചുറ്റും ഞാന്‍ ദൈവത്തെ കണ്ടു, സാത്താനെ കണ്ടു..
ഒന്നല്ല പല ദൈവങ്ങള്‍
അര ദൈവങ്ങള്‍, കാല്‍ ദൈവങ്ങള്‍, അരക്കാല്‍ ദൈവങ്ങള്‍!
അര സാത്താന്‍, കാല്‍ സാത്താന്‍, അരക്കാല്‍ സാത്താന്മാര്‍!

പിന്നേയും അവന്‍ ആണെനിക്ക് കാണിച്ചു തന്നത്..
അരികിലിരുന്ന് കരയുന്നവളുടെ കണ്ണീര്‍ തുടച്ചപ്പോള്‍
എനിക്കുമൊരു ദൈവത്തിന്റെ ഛായ!

പണ്ടെന്നോ ദൈവം പോലെ ജീവിച്ചു മരിച്ചവരുടെ പേരില്‍
അമ്പലങ്ങള്‍, പള്ളികള്‍!!
അവരെ വിളിച്ചു കരഞ്ഞാല്‍ ഇപ്പോള്‍ ആരു കേള്‍ക്കാന്‍!
ചുറ്റുമുള്ള ദൈവങ്ങളെ വിളിക്കൂ...വിളി കേള്‍ക്കുന്ന ദൈവങ്ങള്‍!

ആരോ വിളിക്കുന്നത്രേ
കൈ വിടുവിച്ച് അവന്‍ പതിയെ എണീറ്റു
എനിക്കിനി തിരികേ നരകത്തില്‍ വഴി തെറ്റി അലയണം എന്നില്ലായിരുന്നു.
അവന്റെ കൈ വിട്ടാല്‍ സ്വര്‍ഗവും നരകവും തിരിച്ചറിയില്ലെന്നു ഞാന്‍ ഭയന്നു!

അവന്‌ പോകാതെ നിവര്‍ത്തിയില്ലായിരുന്നു
എന്റെ കാഴ്ച പതിയെ പതിയെ മങ്ങുന്ന പോലെ...
ഒന്നും കാണാനില്ലെങ്കിലും അവന്‍ കാണിച്ച വഴികള്‍
ഓര്‍മയില്‍ നിന്നും തിരഞ്ഞ് ഞാന്‍ പതിയെ നടന്നു
ദൈവത്തിന്റെ പാതി തേടി, ദൈവത്തെ തേടി...

0 Comments:

Post a Comment

<< Home