Wednesday, March 29, 2006

സ്വന്തം കൂട്ടിലേക്ക്‌

ചുറ്റിനുമാടിക്കളിക്കും ലതകളും
കാറ്റില്‍ വിരിഞ്ഞിടും തെങ്ങണിപ്പീലിയും
മാടിവിളിക്കവെ, ഏകയായ്‌ ഞാനൊരാ
നാലുകെട്ടിന്നകം മൂകയായ്‌ നിന്നു പോയ്‌!

പത്തരമാറ്റൊളിപ്പൂമെയ്യുടയവന്‍
എത്തുന്നു സൂര്യന്‍ തുടുത്ത മുഖവുമായ്‌
ചക്രവാളം തന്നിലൂഴി തന്‍ തോഴിയാം
ചേലലയാഴിയെ തൊട്ടു തഴുകുവാന്‍.

കാവിലെക്കാവല്‍ മരത്തിന്റെ ചില്ലമേല്‍
കാക്കയൊരുങ്ങുന്നു കൂടണഞ്ഞീടുവാന്‍
നീങ്ങുന്നു ലോകം പെരിയോരിരുട്ടിന്റെ
നീഡത്തിലേക്കെന്നു തോന്നുകയാണുമേ.

എകാന്തതയോടു സല്ലപിച്ചങ്ങനെ
എതോ കിനാവിന്റെ വക്കത്തിരുന്ന ഞാന്‍
നേരമൊട്ടേറെയായ്‌ എന്തോ തിരയുന്നു
നേരിന്‍ നടയില്‍ നിഴലെന്ന പോലവെ

അസ്വസ്ഥമാകുന്നു മാമക മാനസം
അസ്തമയദ്യുതി വിട്ടകന്നീടവെ
ചേതോഹരത്വം മറഞ്ഞൊരീ സന്ധ്യയില്‍
ചേക്കേറിടട്ടെ ഞാന്‍ എന്നുള്ളിലേക്കിനി!

(1992-ല്‍ എഴുതിയത്‌)

Labels:

7 Comments:

Blogger ഉമേഷ്::Umesh said...

നല്ല കവിത, ഇന്ദൂ. ക്ലാസ്സിക് ശൈലിയില്‍ കവിതയെഴുതുന്നവര്‍ ഇപ്പോഴുമുണ്ടെന്നറിയുന്നതില്‍ സന്തോഷം!

- ഉമേഷ്

March 30, 2006 11:35 AM  
Blogger ഇന്ദു | Preethy said...

നന്ദി, ഉമേഷ്‌ജീ. പക്ഷേ മുഴുവന്‍ ക്രെഡിറ്റും എനിക്കല്ല. കവിത വശമുള്ള എന്റെ ഒരു ഗുരുനാഥന്‍ ചില വരികള്‍ മിനുക്കിത്തന്നിരുന്നു.

March 30, 2006 5:21 PM  
Blogger സു | Su said...

ഇന്ദു, കവിത പതിവുപോലെ നന്നായി :)

March 30, 2006 8:28 PM  
Blogger അഭയാര്‍ത്ഥി said...

ഒരു കവിത എഴുതുക എന്നാല്‍ എത്റ ബുദ്ധിമുട്ടുള്ള കാര്യം. അതു വ്റുത്ത നിബദ്ധമാക്കാന്‍ അതിലേറെ പാടു. അതു അര്‍ത്ഥനിബദ്ധവും ആനന്ദ ദായകവും ആകുമ്പോള്‍...

അതേ ഇന്ദു ഒരു ധന്യയായ കവയിത്റിയ്യാണു

ചേതോഹരത്വം മറഞ്ഞൊരീ സന്ധ്യയില്‍
ചേക്കേറിടട്ടെ ഞാന്‍ എന്നുള്ളിലേക്കിനി!

March 31, 2006 12:30 AM  
Blogger ഇന്ദു | Preethy said...

സു - നന്ദി :)
ഗന്ധര്‍വ്ജി - സന്തോഷം... അത്രയ്ക്കൊന്നുമില്ലെന്ന് എനിക്ക് നന്നായറിയാം. വായന ഒട്ടുമില്ലാതെ എന്തൊക്കെയോ എഴുതുന്നു.

April 09, 2006 3:55 PM  
Blogger Jo said...

Great, as usual. :-)

April 11, 2006 4:43 AM  
Anonymous Anonymous said...

valare nallathanu. Keep it up

July 26, 2006 1:47 AM  

Post a Comment

<< Home