Friday, April 21, 2006

ചിതറി വീണത്‌...

പാതിരാവിലെ പേക്കിനാവിനിടയില്‍ പൊട്ടിച്ചിതറിയത്‌
എന്റെ പളുങ്കുമണിമാല...
ഉതിര്‍ന്നുരുണ്ടു വീണത്‌ എന്റെ സ്വപ്നങ്ങള്‍, പ്രതീക്ഷകള്‍...

റാന്തലിന്റെ അരണ്ട വെട്ടത്തില്‍ വിറയാര്‍ന്ന കൈകള്‍
ചിലതെല്ലാം പെറുക്കിയെടുത്തു
കിട്ടിയ മുത്തുകള്‍ ഇഴയകന്ന സ്നേഹച്ചരടില്‍കോര്‍ത്തെടുക്കാന്‍
ഇനിയീ ജന്മം മതിയോ?!

അകത്തിരുളില്‍ എന്റെ കണ്ണീര്‍പെരുമഴ!
പുറത്ത്‌ രാവില്‍ നോവിന്റെ തോരാത്ത പെയ്ത്ത്‌!

വഴിവിളക്ക്‌ നീട്ടിയ വരണ്ട വെളിച്ചത്തിലാണ്‌ കണ്ടത്‌,
ജനവാതിലിനരികില്‍ വിറച്ചു തേങ്ങി ഒരു വണ്ണാത്തിക്കിളി!
ചിറകു കുതിര്‍ന്ന്, പകച്ച മിഴികളോടെ ഞാന്‍ കണക്കെ!

ജനവാതിലുയര്‍ത്തി അകത്തെ ചൂടിന്റെ കൂട്ടിലേയ്ക്ക്‌ ഞാന്‍ ക്ഷണിച്ചതാണ്‌...
കിളിക്കുഞ്ഞിന്റെ കണ്ണിലപ്പോഴും പേടി!

രാവിലും നോവിലും അവള്‍ക്ക്‌ ഞാന്‍ കൂട്ടിരുന്നു
മഴ തോര്‍ന്ന് മാനം മുഖം തുടച്ചപ്പോഴേക്കും നേരം വെളുത്തിരുന്നു
കൂടും കൂട്ടും തേടി വണ്ണാത്തി പറന്നകന്നു

പൊയ്‌പ്പോയെന്ന് ഞാന്‍ നിനച്ച ചില മുത്തുകളെങ്കിലും
പകലിന്റെ നിറവില്‍ കണ്ണോരമെത്തി...
ഇനി ഞാനീ മണിമാല വീണ്ടും കോര്‍ത്തൊരുക്കട്ടെ...

10 Comments:

Blogger Kumar Neelakandan © (Kumar NM) said...

അകത്തിരുളില്‍ എന്റെ കണ്ണീര്‍പെരുമഴ!
പുറത്ത്‌ രാവില്‍ നോവിന്റെ തോരാത്ത പെയ്ത്ത്‌

നല്ല കവിത. ഈ മഴ തോരാതെ പെയ്യട്ടെ.

April 22, 2006 12:51 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

This comment has been removed by a blog administrator.

April 22, 2006 2:55 AM  
Blogger രാജീവ് സാക്ഷി | Rajeev Sakshi said...

മനോഹരം ഈ കവിത

April 22, 2006 2:57 AM  
Blogger വര്‍ണ്ണമേഘങ്ങള്‍ said...

"വഴിവിളക്ക്‌ നീട്ടിയ വരണ്ട വെളിച്ചത്തിലാണ്‌ കണ്ടത്‌,
ജനവാതിലിനരികില്‍ വിറച്ചു തേങ്ങി ഒരു വണ്ണാത്തിക്കിളി!"

ഹൃദ്യം..!

April 22, 2006 3:20 AM  
Blogger ചില നേരത്ത്.. said...

കവിത വളരെ ഹൃദ്യമായിരിക്കുന്നു.

മനോഹരം

April 22, 2006 3:59 AM  
Blogger പരസ്പരം said...

നല്ല ബ്ളോഗുകള്‍ പരതി നടന്ന ഞാന്‍ ഈ ബ്ളോഗിനു മുന്‍പില്‍ നിശ്ചലനായി നിന്നു..2,3വട്ടം ആവര്‍ത്തിച്ചു വായിച്ചു. അതീവ ഹ്രദ്യം..സുന്ദരമായ ആഖ്യാന ശൈലി...ആദ്യമായി നിങ്ങളുടെ ബ്ളോഗ്‌ വായിക്കുന്നു...തുടര്‍ന്നും ഇത്തരം മുത്തു മാലകള്‍ കോര്‍ത്തുകൊണ്ടിരിക്കുക..

April 30, 2006 12:30 AM  
Blogger സു | Su said...

ഇന്ദു എവിടെപ്പോയി?

May 10, 2006 2:04 AM  
Blogger ഇന്ദു | Preethy said...

ഇവിടൊക്കെത്തന്നെ ഉണ്ട്, സൂ... ഓര്‍ത്ത് അന്വേഷിച്ചതിനു നന്ദി. തിരക്കോടു തിരക്കാ...ഓഫീസില്‍,കോളേജില്‍... എന്നാലും ഇടയ്ക്ക് ഇവിടേക്ക് എത്തി നോക്കാറുണ്ട്. കമന്റിടാന്‍ പോലും സമയം കിട്ടാറില്ലെന്നു മാത്രം. :(

May 10, 2006 4:21 AM  
Anonymous Anonymous said...

തിരക്കു തീര്‍ന്നില്ലേ ഇന്ദൂ??

ബിന്ദു

May 17, 2006 7:13 AM  
Blogger ഇന്ദു | Preethy said...

Just wanted to clarify that, I am not 'Indu Menon'. 'Indu' is a common name in Kerala, isn't it?

June 28, 2006 5:44 PM  

Post a Comment

<< Home