പ്രതിബിംബം
അടുപ്പിലെ ചൂടിനും
തൊടിയിലെ ചേറിനുമിടയില്‍
ജീവിതം വട്ടം കളിക്കവേ,
മുഖം നോക്കാനും മിനുക്കാനുമൊന്നും
എനിക്കു സമയമില്ലായിരുന്നു.
ഇടയ്ക്കെന്നോ അടുക്കളയിലെ ഫ്രിഡ്ജിന്റെ
മിനുത്ത പ്രതലത്തില്‍
ഞാനെന്റെ പ്രതിബിംബം കണ്ടു.
നിനച്ചതിനേക്കാള്‍ സുന്ദരിയായിരുന്നു ഞാനതില്‍.
നന്നായി മെലിഞ്ഞ പോലെ.
മുഖം അത്ര വ്യക്തമായിരുന്നില്ലെങ്കിലുംമോശമല്ലായിരുന്നു.
ഞാനെന്നെ നോക്കിയൊന്നു ചിരിച്ചു,
ചിരിക്കുമൊരഴകുണ്ട്.
പൊടിപിടിച്ചു കിടക്കുന്ന
മുകളിലെ മുറിയില്‍ നിന്ന്
തള്ളാനും കൊള്ളാനുമുള്ളത് തരം തിരിക്കേ,
അതാ അറ്റം പൊട്ടി, പൊടി നിറഞ്ഞ ഒരു നിലക്കണ്ണാടി.
അതു തുടച്ചു മിനുക്കിയൊന്നു മുഖം നോക്കാന്‍
എന്തോ ആവേശമായിരുന്നു.
പക്ഷേ, മനസ്സില്‍ കണ്ട മുഖമല്ലായിരുന്നു കണ്ണാടിയില്‍.
നര കയറിയ മുടിയിഴകള്‍,
കുഴിയിലായ കണ്‍തടങ്ങള്‍,
നിറം മങ്ങിയ കവിള്‍ത്തുണ്ടുകള്‍.
ആ കണ്ണാടി കൊള്ളില്ല.
മുഖം നോക്കാന്‍ എനിക്കതു വേണ്ട.
ഞാനത് കുപ്പത്തൊട്ടിയിലേക്കെറിഞ്ഞു.
13 Comments:
ആഹാ!
കവിതയെപറ്റി നമുക്കു വലിയ ഗ്രാഹ്യമില്ല. (ഇപ്പഴും കുമാരനാശാന്തന്നെയാണെനിക്കു് കവി.) ആദ്യരണ്ടു വരിയിൽ ഒരു അസ്ക്കിത തോന്നിയതൊഴിച്ചാൽ നന്നായിട്ടുണ്ടു്.
രണ്ടാം വായനയില്‍ എനിക്കും തോന്നി, സിദ്ധാര്‍ത്ഥന്‍ പറഞ്ഞ വരികളടക്കം പലേടത്തും ഒരു അസ്കിത. ആദ്യ വരികള്‍ മാറ്റിയിട്ടുണ്ട്. ഇനിയുള്ളതങ്ങനെ തന്നെ കിടക്കട്ടെ. തല്‍ക്കാലം വേറൊന്നും വരുന്നില്ല.
കൊള്ളാം!
കാലം വരുത്തുന്ന മാറ്റങ്ങളോട് പൊരുതുന്നതേക്കാള്‍ നല്ലത് അംഗീകരിക്കുന്നത് തന്നെയല്ലേ നല്ലത് ?
ഒരു പ്രതലത്തിലും പ്രതിബിംബമാകാനാവാത്ത കാലം വരുമെന്ന് എന്തിനു ഓര്‍ക്കണം അല്ലേ..?
നന്നായിരിക്കുന്നു കവിത.
നല്ല കവിത ഇന്ദു!
പക്ഷേ, ഈ സൌന്ദര്യം എന്നു പറയുന്ന സാധനം അളക്കാനുള്ള മാനദണ്ഡം എന്താ?
എപ്പോഴത്തേയും പോലെ നന്നായിരിക്കുന്നു, ഇന്ദു.
കലേഷേ, അതറിയില്ലേ? നിന്റെ മോന്ത എന്താ ഇങ്ങനെ എന്ന് നാല് പേര് ചോദിച്ച് മാനം പോവുമ്പോള്‍ ഉണ്ടാവുന്ന ദണ്ഡം തന്നെ!!
സഞ്ജീവ്, നന്ദി. കളയേണ്ടായിരുന്നെന്ന് എനിക്കുമിപ്പോള്‍ തോന്നുന്നു:)
നന്ദി, സിദ്ധാര്‍ത്ഥന്‍...ആദ്യ വരികള്‍ മാറ്റിയെഴുതിച്ചതിന്.
തണുപ്പന്‍, യാത്രാമൊഴി, സന്തോഷം!
സൌന്ദര്യത്തിന് മാനദണ്ഡം ഒന്നുമില്ല, കലേഷ്. അതൊക്കെ നോക്കുന്നവരുടെ കണ്ണിലല്ലേ. നമ്മിലെ അഭംഗികള്‍ (പ്രധാനമായും മനസ്സിലേത്)കാണാന്‍ നാം മടിക്കുന്നു എന്നേ ഉദ്ദേശിച്ചുള്ളൂ.
ഹാഹാ... കണ്ണൂസിന്റെ നിര്‍വചനം ഇഷ്ടപ്പെട്ടു.
വേവുന്ന പരിപ്പിന്റെ ഇളം മഞ്ഞയും, ചൂട് വടയുടെ മൊരിച്ചലും - ഹായ് എന്ത് രസം എന്ന് പറഞ്ഞായിരുന്നു ഈ കവിതയിലേക്ക് കടന്നത്. കവിത വായിക്കാന്‍ പഠിപ്പിക്കുന്ന സ്കൂള്‍ വല്ലോം ഉണ്ടേല്‍ ഞാന്‍ അവിടെ ചേര്‍ന്നേനേ;)
അത് ഞാന്‍ എഴുതിയതിന്റെ കുഴപ്പമായിരുന്നു, രേഷ്മേ :) രേഷ്മയെ സാഹിത്യം വായിക്കാന്‍ ആരെങ്കിലും പഠിപ്പിക്കേണ്ടതുണ്ട് എന്നു തോന്നുന്നില്ല.
മാറ്റങ്ങള്‍ വരുത്തിക്കഴിഞ്ഞാണല്ലോ ഞാന്‍ കണ്ടത്. എന്തു രസായിട്ടാണ് എഴുതിയിരിക്കുന്നത്.
:)
i saw this on malayala maonorama..!! good
Bindu, Suraj, Thanks!
മനസ്സിലെ സൌന്ദര്യം ഒരിക്കലും കണ്ണാടിയില്‍ കാണില്ല.കണ്ണാടിയില്‍ കണ്ണടച്ച് വേണം നോക്കാന്‍...
Post a Comment
<< Home