Sunday, May 28, 2006

വളകിലുക്കം

നിഴലും നിലാവുമായിഴ ചേര്‍ന്നൊരോര്‍മ തന്‍
മഴ പെയ്യവേയൊരു വളകിലുക്കം...
വഴി മാറിയെത്തിയ വെയില്‍ വീണ സന്ധ്യയില്‍
അഴകുറ്റി നിന്നോരു ചിരിമുഴക്കം...

അകലെ ഞാന്‍ കാണുന്നതെന്‍ ബാല്യകാലമാ-
ണെന്‍ കൂടെയുള്ളതെന്‍ കൂട്ടുകാരും
നേരം പുലര്‍ന്നാലൊടുങ്ങും വരേയെത്ര
കാര്യങ്ങള്‍ ഞങ്ങളന്നോതുമെന്നോ?

ഏറെച്ചിരിക്കുന്ന ഞങ്ങള്‍ക്ക്‌ കൂട്ടായി
കൂടെച്ചിരിക്കും കരിവളകള്‍
ഇരുകൈ നിറയേ വളയുണ്ടെനിക്കതില്‍
പ്രിയമേറെയുള്ളതീ ചുറ്റുവള

ഉള്ളൂരെപ്പൂയത്തിനെന്നച്ഛനേകിയ
വെള്ളപ്പളുങ്കിന്റെ കുപ്പിവള
നന്നായിച്ചേരുമിതു നിനക്കെന്നോതി
എന്നമ്മയിട്ടതീ ചോപ്പുവള

ഏതോ വഴക്കിന്നരിശമൊടുക്കുവാന്‍
എന്റേയനിയനുടച്ചതെന്നാല്‍
ഒന്നും വിടാതെപ്പെറുക്കിയെടുത്തു ഞാന്‍
പൊന്‍വളപ്പൊട്ടുകള്‍ കൂട്ടിവെച്ചു

കാലം കടന്നുപോയ്‌, ഞാനും വളര്‍ന്നുപോയ്‌
കൈവളക്കാലം മറഞ്ഞു പോയി
കൈത്തടം ശൂന്യമാണുള്‍ത്തടം മൂകമായ്‌
കാതില്‍ വളകള്‍ കിലുങ്ങുമിന്നും...

Labels:

11 Comments:

Blogger ഇന്ദു | Preethy said...

ബിന്ദൂ, തുളസി,
തിരിച്ചെത്തിയിട്ടുണ്ട്, കേട്ടൊ...

May 28, 2006 7:11 PM  
Blogger ശനിയന്‍ \OvO/ Shaniyan said...

വള കരിവള, കുപ്പിവളേയ്!!!!

നന്നായീ ട്ടോ..


വെലക്കം ബാക്!! ഇടക്കിടെ അജ്ഞാതവാസമാണല്ലോ? :)

May 28, 2006 7:16 PM  
Blogger ബിന്ദു said...

ഇന്ദൂ... ഞാനും ഒരു വളഭ്രമക്കാരിയായിരുന്നു, ഒരു കയ്യില്‍ തന്നെ മൂന്നു ചുറ്റുവള ഇട്ടിട്ടുണ്ട്‌.
കാലം കടന്നു പോയ്‌, ഞാനും വളര്‍ന്നു പോയ്‌, എന്നുള്ളിലിന്നും വളകിലുക്കം. :)

May 28, 2006 7:24 PM  
Blogger കണ്ണൂസ്‌ said...

ഇന്ദു, നന്നായിട്ടുണ്ട്‌.

May 28, 2006 9:31 PM  
Blogger സു | Su said...

:) ഇന്ദു. തിരിച്ചുവരവില്‍ സന്തോഷിക്കുന്നു.
വളകിലുക്കം കേട്ടു.

May 28, 2006 11:01 PM  
Blogger reshma said...

ഇന്ദു, ‘വളകിലുക്കം’ എന്റേതും കൂടിയാണെന്ന് തോന്നിപ്പോയി.കവിത അതിന്റെ പൂര്‍ണ്ണതയോടെ ആസ്വദിക്കാനുള്ള കപ്പാകുറ്റിയൊന്നും ഇല്ല , എന്നാലും ഇത് ഒരു പാടിഷ്ടായി.

May 31, 2006 5:53 PM  
Blogger ഉമേഷ്::Umesh said...

നല്ല കാവിത, ഇന്ദൂ. പതിവുപോലെ.

May 31, 2006 6:06 PM  
Blogger ഉമേഷ്::Umesh said...

"കാവിത” അല്ല, “കവിത”.

May 31, 2006 6:07 PM  
Blogger ഇന്ദു | Preethy said...

ശനിയാ, :) മുങ്ങിയും പൊങ്ങിയും അങ്ങു പൊയ്ക്കോട്ടെന്നേ...

ബിന്ദു, ഒരു കൈയില്‍ മൂന്നു ചുറ്റുവളയോ? അത്രയ്ക്ക് ഭ്രമം എനിക്കില്ലായിരുന്നു, ട്ടോ.. :)

കണ്ണൂസ്, സു, രേഷ്മാ, ഉമേഷ്ജി, വളരെ സന്തോഷം!

June 11, 2006 10:49 AM  
Blogger കുറുമാന്‍ said...

ഏതോ വഴക്കിന്നരിശമൊടുക്കുവാന്‍
എന്റേയനിയനുടച്ചതെന്നാല്‍
ഒന്നും വിടാതെപ്പെറുക്കിയെടുത്തു ഞാന്‍
പൊന്‍വളപ്പൊട്ടുകള്‍ കൂട്ടിവെച്ചു

ഇന്ദു : കവിത നന്നായിരിക്കുന്നു. പെറുക്കിയെടുത്ത കുപ്പിവളപ്പൊട്ടുകള്‍ കൂട്ടി വച്ച്, വളപ്പൊട്ട് കളിച്ചിരുന്ന എന്റെ ബാല്യകാലത്തെ ഓര്‍മ്മിപ്പിച്ചതിന്നു വളരെ നന്ദി.

June 11, 2006 10:56 AM  
Blogger Ganesh said...

Indu came here through Jos blog
is this possible can you send me the lyrics and meaning of this poem, like to compose it into a song

thanks
Ganesh

June 28, 2006 8:32 AM  

Post a Comment

<< Home