Sunday, June 11, 2006

പ്രതിബിംബം

അടുപ്പിലെ ചൂടിനും
തൊടിയിലെ ചേറിനുമിടയില്‍
ജീവിതം വട്ടം കളിക്കവേ,
മുഖം നോക്കാനും മിനുക്കാനുമൊന്നും
എനിക്കു സമയമില്ലായിരുന്നു.

ഇടയ്ക്കെന്നോ അടുക്കളയിലെ ഫ്രിഡ്ജിന്റെ
മിനുത്ത പ്രതലത്തില്‍
ഞാനെന്റെ പ്രതിബിംബം കണ്ടു.

നിനച്ചതിനേക്കാള്‍ സുന്ദരിയായിരുന്നു ഞാനതില്‍.
നന്നായി മെലിഞ്ഞ പോലെ.
മുഖം അത്ര വ്യക്തമായിരുന്നില്ലെങ്കിലുംമോശമല്ലായിരുന്നു.
ഞാനെന്നെ നോക്കിയൊന്നു ചിരിച്ചു,
ചിരിക്കുമൊരഴകുണ്ട്‌.

പൊടിപിടിച്ചു കിടക്കുന്ന
മുകളിലെ മുറിയില്‍ നിന്ന്
തള്ളാനും കൊള്ളാനുമുള്ളത്‌ തരം തിരിക്കേ,
അതാ അറ്റം പൊട്ടി, പൊടി നിറഞ്ഞ ഒരു നിലക്കണ്ണാടി.

അതു തുടച്ചു മിനുക്കിയൊന്നു മുഖം നോക്കാന്‍
എന്തോ ആവേശമായിരുന്നു.
പക്ഷേ, മനസ്സില്‍ കണ്ട മുഖമല്ലായിരുന്നു കണ്ണാടിയില്‍.
നര കയറിയ മുടിയിഴകള്‍,
കുഴിയിലായ കണ്‍തടങ്ങള്‍,
നിറം മങ്ങിയ കവിള്‍ത്തുണ്ടുകള്‍.

ആ കണ്ണാടി കൊള്ളില്ല.
മുഖം നോക്കാന്‍ എനിക്കതു വേണ്ട.
ഞാനത്‌ കുപ്പത്തൊട്ടിയിലേക്കെറിഞ്ഞു.