Tuesday, January 31, 2006

മഴ

ആദ്യമാദ്യം എനിക്ക്‌ മഴയെ പേടിയായിരുന്നു!
ഇരുളിന്റെ മറവില്‍
ആര്‍ത്തലച്ചലറി വിളിക്കുന്ന
കുരുത്തം കെട്ടവള്‍!

അന്നൊക്കെ രാത്രിമഴയുടെ വരവറിഞ്ഞാല്‍
ഞാന്‍ അമ്മൂമ്മയോടൊട്ടി കിടക്കും
ഇഷ്ടമില്ലെങ്കിലും മേലാകെ കുത്തിക്കൊള്ളുന്ന
കരിമ്പടത്തിന്റെ ചുളിവുകള്‍ക്കുള്ളില്‍
ഞാനെന്നെ ഒളിപ്പിക്കും!

പിന്നെയെപ്പോഴോ മഴ നനഞ്ഞയേതോ പകല്‍
എനിക്കവളെ പരിചയപ്പെടുത്തി...
ഓട്ടിടവഴികളിലൂടെ ഓടിയിറങ്ങി
എന്റെ കാല്‍ത്തളകളോടന്നവള്‍ കിന്നാരം ചൊല്ലി.
അങ്ങനെയങ്ങനെ അവളെനിക്ക്‌ കൂട്ടുകാരിയായി...

പിന്നീടുള്ള പല രാക്കളില്‍,
നിലാവിനോട്‌ പിണങ്ങിക്കരഞ്ഞോടിപ്പോകും വഴി
ജനല്‍പ്പഴുതിലൂടെ നനുത്ത നീര്‍വിരല്‍ നീട്ടി
അവളെന്നെ വിളിച്ചുണര്‍ത്തി ഒരുപാടെല്ലാം വിതുമ്പി.
അന്ന് ഞാനറിഞ്ഞു അവളൊരു പാവമാണെന്ന്!

ഇന്ന് പെയ്തൊഴിയാത്ത ദു:ഖങ്ങളെന്നെ വീര്‍പ്പുമുട്ടിക്കുമ്പോള്‍,
പകലിന്റെ തെളിമയിലിറങ്ങാന്‍ എന്റെ മനസ്സ്‌ മടിക്കുമ്പോള്‍,
എല്ലാം ഇരുട്ടില്‍ മൂടി മഴയെന്ന എന്റെ കൂട്ടുകാരി എന്നിലേയ്ക്കോടിയെത്തും.
അവളെന്റെ ആശ്വാസമാണ്‌!

ഞാനെന്റെ നനുത്ത കമ്പിളിപ്പുതപ്പില്‍ വീണ്ടും ചുരുണ്ടു കൂടും.
പുതപ്പിനിടയിലൂടെ അമ്മൂമ്മയുടെ
മെല്ലിച്ച കൈകള്‍ എന്നെ പുണരുന്ന പോലെ!