Saturday, February 25, 2006

കുഞ്ഞേ, പൊറുക്കുക!

സമര്‍പ്പണം: എന്നും രാവിലെ സ്വന്തം പൊടിക്കുഞ്ഞുങ്ങളെ പോറ്റമ്മമാരെ ഏല്‍പിച്ച്‌ ജോലി ചെയ്യാനിറങ്ങുന്ന അമ്മമാര്‍ക്ക്‌...

കുഞ്ഞേ, പൊറുക്കുക! ഈയമ്മ തന്നുള്ളില്‍
‍തേങ്ങിക്കരയുന്നു താരാട്ടിനീണം
ചുണ്ടു പിടയുന്നു, നെഞ്ചകം വിങ്ങുന്നു
ചിത്തം പിളര്‍ത്തുന്നു നിന്റെയീ രോദനം!

പോറ്റമ്മയിന്നും നിനക്കു പകര്‍ന്നിടും
സ്നേഹം പകര്‍ത്തിയ പാലിന്റെ തേന്‍കുടം
എല്ലാമറിയാം, അറിഞ്ഞിട്ടുമെന്തിനേ
ഇന്നും നിനക്കൊപ്പമമ്മയും തേങ്ങുന്നു?!

നീയെന്നില്‍ വളര്‍ന്നവനെന്നെ വളര്‍ത്തിയോന്‍!
എന്നുള്ളിലായിരം താരാട്ടുണര്‍ത്തിയോന്‍!
എണ്ണയിട്ടെത്രയോ ദീപങ്ങള്‍ വിണ്ണിലും
ഉള്ളിലുമൊപ്പം കൊളുത്തിപ്പിറന്നവന്‍!

അന്തിയാവോളമൊരിക്കലും തീരാത്ത
പേപ്പറിന്‍ കെട്ടില്‍ മുഖം പൂണ്ടിരിക്കിലും
കണ്ണടച്ചാലും തുറന്നാലുമെന്‍ മുന്നില്‍
കണ്ണിറുക്കിച്ചിരിക്കുന്ന നിന്‍ മുഖം!

തേനും വയമ്പും പുരണ്ട പാല്‍ചുണ്ടുകള്‍
വെണ്ണ തോല്‍ക്കും നറുംകവിള്‍ത്തുണ്ടുകള്‍
മിന്നിമിന്നുന്ന കണ്ണിന്‍ കുരുന്നുകള്‍
കുഞ്ഞേ, നിനക്കായ്‌ ചുരത്തുന്നു നെഞ്ചകം!

വീണ്ടുമൊടുങ്ങീ ഒരു പകലിന്‍ വ്യഥ
നിന്നിലേയ്ക്കെത്താന്‍ കുതിക്കുന്നു മാനസം!
അമ്മയെക്കണ്ട നിന്‍ കണ്ണിന്‍ തിളക്കത്തില്‍
എന്‍ ജീവിതം സാര്‍ത്ഥകം! ലോകമേ സുന്ദരം!!

Labels: