Friday, February 03, 2006

പൂവാലനും വെള്ളച്ചിയും പിള്ളേരും

കൂടൊന്നൊരുക്കുന്നു, ചുള്ളിയാല്‍ മേയുന്നു
പൂവാലനണ്ണാനും വെള്ളച്ചിയും
മേടം കഴിയാറായ്‌... മാനം കറുക്കാറായ്‌...
ഒട്ടും നനയാത്ത കൂടു വേണം!

നെല്ലിമരത്തിന്നുച്ചീലെ കൊമ്പതില്‍
‍നല്ലൊരു വീടങ്ങൊരുങ്ങി വന്നു!
പൂവാലനിഷ്ടമായ്‌, വെള്ളച്ചിക്കിഷ്ടമായ്‌
കണ്ടോര്‍ക്കും കേട്ടോര്‍ക്കുമിഷ്ടമായി!

കാട്ടുകരിമ്പനയോല മെടഞ്ഞുള്ള
പൂമെത്ത പൂവാലന്‍ നെയ്തെടുത്തു
തൂവല്‍ വിരിക്കണം, സ്നേഹം വിതറണം
തന്റെ വെള്ളച്ചിക്കുറങ്ങുവാനായ്‌

വാലൊന്നിളക്കീട്ടു നീട്ടിച്ചിലച്ചിട്ട്‌
വെള്ളച്ചി സ്നേഹം തിരിച്ചു നല്‍കി!
പിന്നെ പൂവാലന്നുച്ചയ്ക്കു തിന്നുവാന്‍
പച്ചപ്പറങ്കിയും പേരയ്ക്കയും!

* * * * * * * *

ചിങ്ങം പിറന്നപ്പോളോണമണഞ്ഞപ്പോള്‍
വെള്ളച്ചിക്കുണ്ടു വയറ്റിലെന്ന്!!
പൂവാലനേറ്റം മനം നിറഞ്ഞന്നവന്‍
കാട്ടിലെല്ലാര്‍ക്കും വിരുന്നു നല്‍കി!

മാസം തികഞ്ഞപ്പോള്‍ വെള്ളച്ചി പെറ്റിട്ട-
തോമല്‍ക്കുരുന്നുകള്‍ രണ്ടതുങ്ങള്‍
ഒന്നാമനുച്ചിയില്‍ പുള്ളികള്‍ രണ്ടുണ്ട്‌
എന്നാലവനു പേര്‍ പുള്ളിനങ്ങന്‍
രണ്ടാമന്‍ കാക്കക്കറുമ്പന്‍ മെലിഞ്ഞവന്‍
കണ്ടാലഴകുള്ളോന്‍ പൂങ്കറുമ്പന്‍!

അച്ഛനുമമ്മയും തേന്‍ പകര്‍ന്നോമനി-
ച്ചോമല്‍ കിടാങ്ങള്‍ വളര്‍ന്നു വന്നു
അണ്ണാറക്കണ്ണന്മാര്‍ കാട്ടില്‍ നിറച്ചത്‌
എണ്ണ്യാലൊടുങ്ങാത്ത സ്നേഹപ്പൂക്കള്‍!!

[കടപ്പാട്‌: പി. നരേന്ദ്രനാഥിന്റെ 'വനവീരന്മാര്‍' എന്ന കുട്ടികള്‍ക്കുള്ള നോവലിന്‌...
രണ്ടാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ഗ്രാമീണ വായനശാലയില്‍ നിന്ന് സമ്മാനം കിട്ടിയതാണ്‌, നരേന്ദ്രനാഥിന്റെ ആ ബാലസാഹിത്യ കൃതി. പിന്നീടിങ്ങോട്ട്‌ അതെത്രയാവര്‍ത്തി വായിച്ചിട്ടുണ്ട്‌ എന്ന് എനിക്കു തന്നെ നിശ്ചയമില്ല. ആ നോവലിന്റെ തുടക്കമാണ്‌ ഈ കുട്ടിക്കവിതയ്ക്ക്‌ ആധാരം. കഥ ഓര്‍ത്തെടുത്ത്‌ കവിതയാക്കിയപ്പോള്‍ ‍പേരുകളും മറ്റു പലതും മാറി മറിഞ്ഞിട്ടുണ്ടാകാം.

'വനവീരന്മാര്‍' വായിച്ചു കഴിഞ്ഞപ്പോള്‍ നരേന്ദ്രനാഥിന്റെ മറ്റ്‌ എല്ലാ കൃതികളും തേടിപ്പിടിച്ച്‌ വായിച്ചിരുന്നു - മനസ്സറിയും യന്ത്രം, വികൃതിരാമന്‍, കുഞ്ഞിക്കൂനന്‍.... എല്ലാം പ്രിയപ്പെട്ടവ! ഇന്നും നരേന്ദ്രനാഥ്‌ എന്റെ ഏറ്റവും പ്രിയപ്പെട്ട ബാലസാഹിത്യകാരനാണ്‌.]

Labels: