Friday, August 02, 2013

ആരോ?

ഒരു മഴയായി സ്നേഹം പൊഴിയുന്നതാരോ 
കാറ്റായി വന്നെന്നെ പുൽകുന്നതാരോ 
അഴലിന്റെ വേനലിൽ എരിയുന്ന നേരം 
അലിവായി നനവായി വന്നതിന്നാരോ 

ഒരു തൂവലെന്നെ തഴുകുന്ന പോലെ 
നിറനിലാവെന്നിൽ ചൊരിയുന്ന പോലെ  
അരികിൽ വരാതെന്റെ നിനവിൽ നിറഞ്ഞതോ 
അറിവില്ലതൊന്നും ഞാൻ അറിയാത്തതെന്തേ?

കവിത

പറയാതെയുള്ളിലലിഞ്ഞുള്ള   വാക്കുകള്‍
അറിയാതുറഞ്ഞൊരു കവിതയായ് പൊഴിയവേ
അതിനേതൊരീണം പകരും ഞാന്‍,‍ പറയുക
എന്നുമെന്‍ ഹൃദയം പാടാന്‍ കൊതിച്ചൊരീണം!

Monday, April 08, 2013

ദൈവം

ദൈവം എനിക്കൊരു പൂരകം ആണ്‌.

എന്റെ അറിവിന്റെ പോരായ്മകളെ പൂരിപ്പിക്കുന്നവൻ‍,
സ്നേഹത്തിന്റെ വിടവുകളെ തുന്നിച്ചേർ‍ക്കുന്നവൻ‍,
ധൈര്യത്തിന്റെ താഴ്ചകളെ നികത്തുന്നവൻ‍,
സമാധാനത്തിന്റെ വെള്ളപ്പിറാവുകളെ പറത്തുന്നവൻ.

ദൈവം ഉണ്ടെന്നോ ഇല്ലെന്നോ ഇരിക്കട്ടെ,‍
എല്ലാം തികയുന്നവനാവും വരെ
ദൈവത്തിന്റെ കൈകോർക്കാൻ‍ തന്നെയാണ്‌ തീരുമാനം.

Wednesday, November 28, 2012

നീലനിറം

മേലേ മാനം നീലാഴി
നീലപ്പട്ടായ് അലയാഴി
മെയ്യതു കണ്ണനു കരിനീല
ചിന്മയനിഷ്ടം നീലനിറം!

Wednesday, November 21, 2012

പ്രണയമെന്ന പ്രയാണം

ക്ഷീരപഥത്തിലെ തമോഗര്‍ത്തത്തിനു ചുറ്റും
കുതിച്ചോടുന്ന സൂര്യന്
പിറകെ കിതച്ചു പായുന്ന ഭൂമി,
ഒപ്പം നിര്‍ത്താതുള്ള സ്വയം കറങ്ങലും!
ഇതൊന്നുമറിയാതെ ഇവിടെയുള്ള
കോടാനുകോടി ജീവനില്‍ കവിഞ്ഞൊരു അത്ഭുതമുണ്ടോ  എന്ന് നീ.

ഏതോ ലക്‌ഷ്യം തേടി പായുന്ന നിനക്ക് ചുറ്റും
പ്രണയത്തിന്റെ അച്ചുതണ്ടില്‍
നാളേറെയായി കറങ്ങുന്ന എന്നില്‍,
ഈ പ്രണയപ്രയാണത്തിന്റെ ആകുലതകള്‍  
ഒന്നുമോര്‍ക്കാതെ  വിടരുന്ന ചിരിപ്പൂക്കളിലും 
വലിയ അത്ഭുതമോ എന്ന് ഞാനും.

Saturday, August 11, 2012

മറന്ന മുഖങ്ങള്‍

അത് ഈ മുറിയില്‍ എവിടെയോ കാണണം.
പൊടി പിടിച്ചേതോ മൂലയില്‍,
മാറാല മറച്ചേതോ കോണില്‍,
അതുമല്ലെങ്കില്‍
വര്‍ഷങ്ങളായി തുറക്കാത്ത
അലമാരിയുടെ ഏതോ വലിപ്പില്‍.

അടുക്കിയിട്ട കടലാസു കെട്ടിനിടയില്‍
വരി മാറി നില്‍ക്കുന്ന ഈ പത്രം
ചിതലരിച്ചു നിറം മങ്ങിയ
എഴുത്തിനിടയില്‍
ഒളിച്ചുനില്‍ക്കുന്നൊരു ചിരി
അത്, ഈ മുഖം തന്നെയോ?
അല്ലെന്നു തോന്നുന്നു.

ഓര്‍മയുടെ തറവാട്ടില്‍
അടച്ച് തഴുതിട്ട മുറികളാണേറെ.
മങ്ങിയ കാഴ്ചകളില്‍
ഒരു ജന്മം കൊണ്ട്
സ്വരുക്കൂട്ടിയതിലൊന്നും
കണ്ണെത്തുന്നില്ല.

പക്ഷേ, ആ മുഖം
അതിവിടെ എവിടെയോ കാണണം.
എണ്ണമറ്റ മുറികളില്‍
എവിടെയെന്നു വെച്ചാണ്‌ നോക്കുക?
നോക്കുക തന്നെ!
കണ്ടെത്താതെ ഉറങ്ങുവതെങ്ങനെ?

Sunday, July 22, 2012

തൂലികാ നാമം

ഓരോ കവിതയും ഒരു തരം തുറന്നു കാട്ടലാണ്‌.
മനസ്സിന്റെ ഒരു കോണ്‌,
അല്ലെങ്കില്‍ ചിന്തയുടെ ഒരു പാതി.

സ്വത്വം മൂടിപ്പുതച്ചാണ്‌ ശീലം.
കവിതയിലൂടെയെങ്കിലും
ഈ തുറന്നു പറച്ചിലുകള്‍ അലോസരപ്പെടുത്തും.

നെറ്റിയില്‍ മറ്റൊരു പേരൊട്ടിച്ചാല്‍
കണ്ണുമടച്ച് പൂച്ച പാലു കുടിക്കും പോലെ
പറയാനുള്ളതൊക്കെ പറയാം,
എഴുതാനുള്ളതൊക്കെ എഴുതാം.

ഞാന്‍ നിന്നെ കാണുന്നില്ല,
നീ എന്നേയും കാണുന്നില്ലല്ലോ, അല്ലേ?

Saturday, April 07, 2012

ഒരു പ്രണയ സ്വപ്നം

പ്രണയം പ്രഭാതത്തിലിളവെയില്‍ത്തുമ്പിയായ്
ഇമകളില്‍ ‍ മുട്ടി വിളിക്കേ,
മിഴി തുറക്കാതെ ഞാനേതോ കിനാവിന്റെ
അഴി തുറന്നെങ്ങോ പറന്നു

മഴവില്‍ കൊതുമ്പുകള്‍ വരവേറ്റതെവിടെയോ
അവിടെ ഞാന്‍ നിന്നെത്തിരഞ്ഞു
വെണ്‍ മേഘ മറവിന്റെ പിറകിലൂടന്നു നീ
ഒരു കൈത്തലോടലായ് ചാരെ!

കൈകളില്‍ കൈ കോര്‍ത്തു നമ്മള്‍ നടന്നേറി
വെണ്ണിലാക്കുന്നിനും മേലെ
ഇരവായി, മുന്നിലായന്നു നാം കണ്ടതോ
രാവിന്റെ താരകപ്പൂക്കള്‍!

ഒരു പൂവു മുടിയിലും മൂക്കില്‍ മൂക്കുത്തിയും
അരുമയായ് ചാര്‍ത്തി നീയെന്നില്‍
കരി നീല രാവിന്റെ മിന്നും പുതപ്പിലെന്‍
മിഴിപൂട്ടിയണയാന്‍ കൊതിക്കേ

കണ്‍തുറക്കോമനേ, നേരം പുലര്‍ന്നെന്നു
ഒരു സ്നേഹ ശാസനമട്ടില്‍
എന്നെ വിളിച്ചുണര്‍ത്താനായരികില്‍ നീ!
അപ്പോളിതത്രയും സ്വപ്നം!
പുലര്‍ക്കാല സുന്ദര സ്വപ്നം!